ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഗരാഫയിലെ പെർലിങ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫ്രീഡം കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ എംകെ എക്സ്ഐ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ എച്ച്.എച്ച് റൈഡേഴ്സ്-നെ പരാജയപ്പെടുത്തിയാണ് എംകെ എക്സ്ഐ കിരീടം സ്വന്തമാക്കിയത്.ടൂർണമെന്റിലെ മികച്ച താരമായി അബ്ദുൽ റഹ്മാൻ എരിയാലിനെ തിരഞ്ഞെടുത്തു. ഫൈനൽ മത്സരത്തിലെ മികച്ച താരത്തിനുള്ള മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഷാനവാസ് ബേദ്രിയ സ്വന്തമാക്കി.ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി നവീൻ സൽവരാജിനെയും, മികച്ച ബൗളറായി ഉസ്മാൻ മുട്ടുംതാലയെയും തിരഞ്ഞെടുത്തു.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ആവേശവും ക്രിക്കറ്റിന്റെ ആവേശവും ഒരുമിച്ചുചേർന്ന ടൂർണമെന്റിൽ വിവിധ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സൗഹൃദവും കായികമനോഭാവവും നിറഞ്ഞ മത്സരങ്ങൾ കാണികൾക്കും ആവേശം പകർന്നു.ഷംനാദ് കല്ലാർ, മൊയ്തീൻ കളത്തൂർ, ശങ്കർ നായർ, അക്കു അരിക്കാടി, സഫ്വാൻ എരിയാൽ, ഷാജഹാൻ,റാഷിദ്, ശിഹാബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫ്രീഡം കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ഫ്രീഡം കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്: എംകെ എക്സ്ഐ ചാമ്പ്യന്മാർ
