
കൊച്ചി: ഓണാഘോഷത്തിന് വേറിട്ടൊരു നിറച്ചാർത്തൊരുക്കി തൊടുപുഴ മഹാറാണി വെഡ്ഡിങ് കളക്ഷൻസ് അന്താരാഷ്ട്ര റെക്കോർഡിലേക്ക്. പരമ്പരാഗത പൂക്കൾക്ക് പകരം 2,100-ലധികം വരുന്ന വർണ്ണാഭമായ കാഞ്ചീപുരം, ബനാറസി സിൽക്ക് സാരികൾ കൊണ്ട് തീർത്ത ലോകത്തിലെ ഏറ്റവും വലിയ ‘സാരി പൂക്കളം’ യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ (URF) വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു.
ഓഗസ്റ്റ് 2-ന് കൊച്ചി മരടിലുള്ള ഫോറം മാളിൽ വച്ചാണ് കാണികളെ അത്ഭുതപ്പെടുത്തിയ ഈ ഭീമൻ സാരി പൂക്കളം ആവിഷ്കരിച്ചത്. ഇന്ത്യൻ കൈത്തറിയുടെ പ്രൗഢിയും കേരളത്തിന്റെ ഓണപ്പാരമ്പര്യവും സമന്വയിപ്പിച്ച ഈ ആശയം മഹാറാണി വെഡ്ഡിങ് കളക്ഷൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിയാസ് വി. എ യുടേതാണ്. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ സർഗ്ഗാത്മക നേതൃത്വത്തിൽ മഹാറാണി ടീമിലെ അംഗങ്ങൾ ദിവസങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഈ ദൃശ്യവിരുന്ന് യാഥാർത്ഥ്യമാക്കിയത്.
കാഞ്ചീപുരം-ബനാറസി പട്ടുകളുടെ ശോഭയിൽ തീർത്ത പൂക്കളം കാണാൻ ഫോറം മാളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.
ചടങ്ങിൽ വെച്ച് യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ചീഫ് എഡിറ്ററും അന്താരാഷ്ട്ര ജൂറിയുമായ ഗിന്നസ് സുനിൽ ജോസഫ് ഔദ്യോഗിക ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് മഹാറാണി മാനേജ്‌മെന്റിന് കൈമാറി. സൃഷ്ടിപരത കൊണ്ടും വലിപ്പം കൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈ നേട്ടം തൊടുപുഴയ്ക്കും ഒപ്പം കേരളത്തിനും വലിയ അഭിമാന നിമിഷമായി മാറി.
