ദോഹ: ഗ്ലോബൽ തിക്കൊടിയൻസ് ഫോറം ഖത്തർ ചാപ്ടർ ഓണം 2026 ആഘോഷവും, സംഘടനയുടെ സീനിയർ വൈസ് പ്രസിഡണ്ട് മണികണ്ഠന് യാത്രയയപ്പും നൽകി. യോഗത്തിൽ ഡോക്ടറേറ്റ് നേടിയ ജിടിഎഫ് മെമ്പർമാരായ ഡോ.ശൈനേഷ്, ഡോ. അബ്ദുറഹ്മാൻ പുറക്കാട് എന്നിവരെ ആദരിച്ചു. ഇരുവരുടെയും പ്രഭാഷണങ്ങളും ജിടിഎഫ് വനിതാ വിഭാഗം സഘടിപ്പിച്ച വ്യത്യസ്ത കലാപരിപാടികളും ഏറെ മനോഹരമായിരുന്നു.
ചാപ്റ്റർ പ്രസിഡണ്ട് ഫരീദ് തിക്കൊടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റഷീദ് ഐ.കെ. സ്വാഗതവും ട്രഷറർ രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി. സീനിയർ മെമ്പർമാരായ അസീസ് തയ്യുള്ളതിൽ, ജാഫർ കടലൂർ, സലിം കാട്ടിൽ, സന്തോഷ്, ലേഡീസ് വിങ്ങ് പ്രസിഡണ്ട് ശംല എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിന്റെ ഭാഗമായി മണികണ്ഠനുള്ള മൊമന്റോ ചാപ്റ്റർ പ്രസിഡണ്ട് ഫരീദ് തിക്കോടി നൽകി. ഡോ. ശൈനേഷിനുള്ള മൊമന്റോ അസീസ് തയ്യുള്ളതിലും, ഡോ. അബ്ദുറഹ്മാൻ പുറക്കാടിനുള്ള മൊമന്റോ ലത്തീഫ് മുള്ളൻകുനിയും നൽകി.
പ്രോഗ്രാം കൺവീനർ ജൗഹർ പുറക്കാട്ന്റെ നേതൃത്വത്തിൽ നമ്മുടെ സ്വന്തം ഡോക്ടർമാരായ ഡോ. ശൈനേഷും, ഡോ. അബ്ദുറഹ്മാൻ പുറക്കാടും അവതരിപ്പിച്ച ഹ്രസ്വവും വിജ്ഞാനപ്രദവും പഠനാർഹവുമായ ക്ലാസ് സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.
മറുപടി പ്രസംഗത്തിൽ മണികണ്ഠൻ വർഷങ്ങളായുള്ള സൗഹൃദത്തിന്റെയും സഹോദരബന്ധത്തിന്റെയും ഓർമ്മകൾ അനുസ്മരിച്ചു.
ജിടിഎഫ് രൂപീകരിച്ച് വർഷങ്ങൾ പിന്നിട്ടെങ്കിലും, ഖത്തർ ചാപ്റ്ററിന് ഊർജ്ജസ്വലമായ ഒരു ലേഡീസ് വിങ്ങ് നിലവിൽ വന്നത് സംഘടനയ്ക്ക് പുതിയൊരു ഉണർവ് തന്നെയാണ്. അവരുടെ നേതൃത്വത്തിൽ അരങ്ങേറിയ പരിപാടി സംഘാടന മികവിലും വൈവിധ്യത്തിലും ഏറെ മികച്ചുനിന്നു.
സാജിദിന്റെ ഓണപ്പാട്ടോടെ ആരംഭിച്ച ആഘോഷം കുട്ടികളുടെയും മുതിർന്നവരുടെയും സ്ത്രീകളുടെയും നൃത്തവും ഗാനങ്ങളും, സുന്ദരിക്ക് പൊട്ട് തൊടൽ ഉൾപ്പെടെയുള്ള വിവിധ കായിക പരിപാടികളും കൊണ്ട് കൂടുതൽ വർണ്ണാഭമായി. ഓരോ പരിപാടിയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരുമയുടെയും മനോഹരമായ സന്ദേശമാണ് പകർന്നത്.
