ഓപ്പറേഷൻ സിന്ദൂർ: പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ സൈന്യം; അത്യാധുനിക ആയുധങ്ങളുമായി വൻ പുനഃസംഘടനയിലേക്ക്


ജയ്പൂർ :പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഐതിഹാസിക സൈനിക നീക്കമായ ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം പിന്നിടുമ്പോൾ ഇന്ത്യൻ സായുധ സേന വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്. യുദ്ധക്കളത്തിലെ മാറിയ സാഹചര്യങ്ങളും സാങ്കേതികവിദ്യയുടെ വളർച്ചയും മുൻനിർത്തി സൈന്യത്തെ കൂടുതൽ കരുത്തുറ്റതും ആധുനികവുമാക്കാനുള്ള ദ്രുതഗതിയിലുള്ള നടപടികളാണ് പ്രതിരോധ മന്ത്രാലയം സ്വീകരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ നിന്നും ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുന്ന മറ്റ് സംഘർഷങ്ങളിൽ നിന്നും ലഭിച്ച നിർണ്ണായക പാഠങ്ങളാണ് ഈ മാറ്റത്തിന് ആധാരമായത്.
സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അത്യാധുനികമായ ഒട്ടേറെ ആയുധങ്ങൾ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഭാവി യുദ്ധങ്ങളിൽ ഡ്രോണുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിവിധ തരത്തിലുള്ള ഡ്രോണുകളും ‘ആത്മഹത്യാ ഡ്രോണുകൾ’ എന്നറിയപ്പെടുന്ന ലോയിറ്ററിംഗ് മ്യൂണിഷനുകളും സൈന്യം വൻതോതിൽ വാങ്ങി. ഇതിനുപുറമെ ശത്രുവിന്റെ പ്രഹരപരിധിക്ക് പുറത്തുനിന്ന് തൊടുക്കാവുന്ന ഗൈഡഡ് മിസൈലുകളും മ്യൂണിഷനുകളും ഉൾപ്പെടെയുള്ള സ്റ്റാൻഡ്-ഓഫ് ആയുധങ്ങൾ സൈന്യത്തിന്റെ ഭാഗമായി. ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ, അത്യാധുനിക റഡാറുകൾ, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ എന്നിവ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെയാണ് സൈന്യം ലഭ്യമാക്കിയത്.
ലക്ഷ്യസ്ഥാനത്ത് നേരിട്ടെത്താതെ തന്നെ കൃത്യതയോടെ ആക്രമണം നടത്താനുള്ള ശേഷി വർദ്ധിപ്പിക്കാനാണ് ഇന്ത്യ ഇപ്പോൾ മുൻഗണന നൽകുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യത്തിൽ അതിർത്തിക്കപ്പുറമുള്ള ശത്രുതാപരമായ നീക്കങ്ങളെ തത്സമയം നേരിടാൻ സൈന്യം കൂടുതൽ സജ്ജമായിക്കഴിഞ്ഞു. സൈന്യത്തിന്റെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ പോരാട്ടവീര്യം വർദ്ധിപ്പിക്കുമെന്നാണ് സൈനിക ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
ഓപ്പറേഷൻ സിന്ദൂറിന്റെ വാർഷികത്തോടനുബന്ധിച്ച് ജയ്പൂരിൽ നടന്ന മാധ്യമസമ്മേളനത്തിൽ ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, എയർ മാർഷൽ അവധേഷ് കുമാർ ഭാരതി, വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് എന്നിവർ രാജ്യത്തെ അഭിസംബോധന ചെയ്തു. ഭീകരതയ്‌ക്കെതിരെ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന “പുതിയ സാധാരണ നില” വരും വർഷങ്ങളിലും തുടരുമെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണെന്നും അവർ വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ്, ആകാശ് തുടങ്ങിയ മിസൈൽ സംവിധാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ കരുത്ത് തെളിയിച്ചതായും വരും കാലത്ത് കൂടുതൽ തദ്ദേശീയ സാങ്കേതികവിദ്യകൾ പ്രതിരോധ മേഖലയിൽ ഉൾപ്പെടുത്തുമെന്നും സൈനിക നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *