ഡിജിറ്റൽ ലോകം കീഴടക്കാൻ എ.ആർ. റഹ്മാനും സോണി ലിവ്വും ഒന്നിക്കുന്നു: ആകാംഷയോടെ ആരാധകർ

ചെന്നൈ:ഇന്ത്യൻ സംഗീത ഇതിഹാസം എ.ആർ. റഹ്മാനും പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വും (Sony LIV) പുതിയ സംയുക്ത സംരംഭത്തിനായി കൈകോർക്കുന്നു. സോണി ലിവ് തമിഴിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ട പ്രത്യേക പോസ്റ്ററാണ് ഇപ്പോൾ ഡിജിറ്റൽ ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. ‘ലൗഡ് ആൻഡ് ക്ലിയർ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ടീസർ റഹ്മാൻ ആരാധകർക്ക് വലിയൊരു സർപ്രൈസ് സമ്മാനിച്ചിരിക്കുകയാണ്. #SonyLivXARRahman എന്ന ഹാഷ്‌ടാഗോടെയാണ് ഈ വരാനിരിക്കുന്ന പ്രോജക്റ്റിന്റെ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

എന്നാൽ ഇതൊരു വമ്പൻ തമിഴ് വെബ് സീരീസ് ആണോ, പ്രത്യേക സംഗീത ആൽബം ആണോ, അതോ റഹ്മാൻ സംഗീതം നൽകുന്ന പുതിയ സിനിമയുടെ ഡിജിറ്റൽ പ്രീമിയർ ആണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

‘ഇസൈപ്പുയൽ’ നേരിട്ട് ഭാഗമാകുന്നതിനാൽ ഇതൊരു വമ്പൻ മ്യൂസിക്കൽ പ്രോജക്റ്റ് ആകാനാണ് സാധ്യതയെന്നാണ് സിനിമാ-സംഗീത ലോകത്തെ വിലയിരുത്തലുകൾ.

മുൻപ് സോണി ലിവ്വിലെ ജനപ്രിയ ഷോകളായ ഇന്ത്യൻ ഐഡൽ, ദി കപിൽ ശർമ്മ ഷോ എന്നിവയിൽ അതിഥിയായി എത്തി റഹ്മാൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പ്ലാറ്റ്‌ഫോമുമായി നേരിട്ടുള്ള പുതിയൊരു കൂട്ടുകെട്ടിന് അദ്ദേഹം ഒരുങ്ങുന്നത്. പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും കൂടുതൽ വിവരങ്ങളും വരും ദിവസങ്ങളിൽ സോണി ലിവ് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *