പീരുമേടിന്റെ വികസനക്കുതിപ്പിനായി കർമ്മപദ്ധതികളുമായി നിയുക്ത എം.എൽ.എ സിറിയക് തോമസ്

പീരുമേട്: മണ്ഡലത്തിന്റെ സമഗ്രമായ വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള തന്റെ വികസന സ്വപ്നങ്ങൾ നിയുക്ത എം.എൽ.എ സിറിയക് തോമസ് പങ്കുവെച്ചു. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വികസന പദ്ധതികൾക്ക് രൂപം നൽകുമെന്നും വന്യമൃഗശല്യത്തിനും തെരുവ് നായ ശല്യത്തിനും ശാശ്വത പരിഹാരം കാണാൻ പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പീരുമേടിന്റെ വികസനത്തിനായി ക്രിയാത്മകമായ ഇടപെടലുകൾ നടത്തുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ ആരോഗ്യ മേഖലയിലെ പരിമിതികൾ പരിഹരിക്കുന്നതിനായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി വാഗമൺ, തേക്കടി, കുട്ടിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട് എന്നീ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ഒരു ടൂറിസം ഹബ്ബ് രൂപീകരിക്കും. ഇതിനൊപ്പം കുട്ടിക്കാനം കേന്ദ്രീകരിച്ച് ഐടി പാർക്ക് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മുൻഗണന നൽകും.
കഴിഞ്ഞ 25 വർഷക്കാലം തോട്ടം തൊഴിലാളി നേതാവായി പ്രവർത്തിച്ച അനുഭവസമ്പത്ത് തൊഴിലാളികളുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും സത്വരമായ നടപടികൾ സ്വീകരിക്കും. വലിയൊരു ഭൂരിപക്ഷം ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം പൂർണ്ണമായ ഉത്തരവാദിത്തത്തോടെ കാത്തുസൂക്ഷിക്കുമെന്നും സിറിയക് തോമസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *