✍️മീനങ്ങാടി സ്കൂള്‍ വിനോദ യാത്ര വിവാദം; സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

വയനാട് : വിനോദ യാത്ര വിവാദത്തിൽ വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് (KAT) സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ അനുവദിച്ചത്.

ചട്ടങ്ങൾ പൂർണ്ണമായും പാലിച്ചാണ് വിനോദയാത്ര പോയതെന്നും, ഈ സാഹചര്യത്തിൽ പെട്ടെന്ന് നടപടി എടുത്തത് നീതിക്ക് നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തിൽ പ്രിൻസിപ്പലിന് അനുകൂലമായ നിര്‍ണ്ണായക തെളിവുകൾ പുറത്തുവന്നു. വിനോദയാത്രയ്ക്ക് രണ്ടര മാസം മുൻപ് തന്നെ ആർ.ഡി.ഡി.-യോട് (RDD) ഔദ്യോഗികമായി അനുമതി തേടിയിരുന്നു. ഇതിന്റെ അപേക്ഷയുടെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. 

സ്കൂളിൽ നിന്നുള്ള പഠനയാത്രയ്ക്ക് ഹയർ സെക്കണ്ടറി റീജിയനൽ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്ന് അനുമതി തേടിയില്ല, രാത്രി യാത്ര നടത്തി, അഞ്ച് ദിവസത്തെ യാത്ര നടത്തി തുടങ്ങിയ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ മീനങ്ങാടി സ്കൂളിൽ നിന്ന് വടുവഞ്ചാലിലേക്ക് സ്ഥലം മാറ്റിയിരുന്നത്. എന്നാൽ വിനോദ യാത്രയ്ക്ക് രണ്ടര മാസം മുൻപ്, അതായത് കഴിഞ്ഞ ഓഗസ്റ്റ് 14-നാണ് ആർ.ഡി.ഡി.-യുടെ അനുമതിയ്ക്കായി സ്കൂളിൽ നിന്ന് അപേക്ഷ നൽകിയിരുന്നത്. 

എന്നാൽ ആർ.ഡി.ഡി. ഓഫീസിൽ നിന്ന് കൃത്യസമയത്ത് മറുപടി ലഭിക്കാറില്ലെന്നും, സാധാരണയായി ടൂർ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് അനുമതി ഉത്തരവുകൾ ലഭിക്കാറുള്ളതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. മറ്റ് സ്കൂളുകളിൽ നിന്നും സമാന രീതിയിൽ ഹൈദരാബാദിലേക്ക് ടൂർ പോയിട്ടുണ്ടെന്നിരിക്കെ, പ്രിൻസിപ്പൽ ഷിവി കൃഷ്ണനെതിരെ മാത്രം നടപടി എടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു പ്രധാന ആരോപണം. പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയിലൂടെ വ്യക്തമായതിന് പിന്നാലെ, മറ്റ് കാരണങ്ങൾ പറഞ്ഞ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാത്രം സ്ഥലം മാറ്റിയ നടപടിക്കെതിരെ സ്കൂൾ പിടിഎയും രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *