ശബരിമലയിൽ സൗജന്യ അരവണ വിതരണത്തിന് നിയന്ത്രണം; ഇത്തവണ നൽകുക 50,000 ടിൻ മാത്രം, പ്രത്യേക രജിസ്റ്ററും നിർബന്ധം

കൊച്ചി: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന അരവണയുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ‘ഫ്രീ ഇഷ്യു’ വിഭാഗത്തിൽ ആകെ 50,000 ടിൻ അരവണ മാത്രമേ വിതരണം ചെയ്യൂ എന്ന് ഒക്ടോബർ 27ന് ചേർന്ന യോഗത്തിൽ ബോർഡ് തീരുമാനമെടുത്തു. ഇക്കാര്യം ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയെ അറിയിച്ചു.
സൗജന്യ അരവണ വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനായി കർശനമായ രേഖാസൂക്ഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. അരവണ കൈപ്പറ്റുന്ന ഓരോ വ്യക്തിയുടെയും പേരും മറ്റ് വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇതിനാവശ്യമായ നിർദേശം എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയിട്ടുണ്ട്. ഓരോ വിതരണത്തിന്റെയും കൃത്യമായ കണക്കും രേഖയും സൂക്ഷിക്കുകയാണ് ലക്ഷ്യം.മലപ്പുറം ന്യൂസ്‌.
ഇനി മുതൽ എക്സിക്യൂട്ടീവ് ഓഫീസർ നൽകുന്ന അപേക്ഷയോ സ്ലിപ്പോ ഹാജരാക്കുന്നവർക്ക് മാത്രമേ സൗജന്യ അരവണ ലഭിക്കൂ. ‘ഫ്രീ ഇഷ്യു’ വിഭാഗത്തിലെ വിതരണത്തിന്റെ പൂർണ ഉത്തരവാദിത്വവും എക്സിക്യൂട്ടീവ് ഓഫീസർക്കായിരിക്കും.

ശബരിമലയിൽ ‘ഫ്രീ ഇഷ്യു’ വിഭാഗത്തിൽ അരവണയും അപ്പവും വിതരണം ചെയ്യുന്നതിലും അതിന്റെ കണക്കുകൾ സൂക്ഷിക്കുന്നതിലും ക്രമക്കേടുകൾ നടക്കുന്നതായി ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

സൗജന്യ വിതരണത്തിന് കൃത്യമായ നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തണമെന്നും വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ കണക്കുകൾ കൃത്യമായി സൂക്ഷിക്കണമെന്നും ഉത്തരവാദിത്വം നിശ്ചയിക്കണമെന്നും കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദേവസ്വം ബോർഡ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം രേഖപ്പെടുത്തിയതോടെ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് കേസ് തീർപ്പാക്കി. അമിക്കസ് ക്യൂറി സായൂജ്യ രാധാകൃഷ്ണനും കോടതിയിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *