കെസിഎൽ ഫാൻ ലീഗിന്റെ ഭാഗമായി വനിതാ താരങ്ങളും

ആലപ്പുഴ: കെസിഎൽ ഫാൻ ലീഗിൽ മികവ് തെളിയിച്ച് വനിതാ താരങ്ങളും. കെസിഎൽ ഫാൻ ലീഗിന്റെ ആലപ്പുഴ ജില്ലാ മത്സരങ്ങൾക്കിടെയാണ് വനിതാ താരങ്ങളും ടൂർണമെന്റിന്റെ ഭാഗമായത്. ക്യുസിഎൽ ക്വീൻസ് ക്രിക്കറ്റ് ലീഗും സിടി ക്വീൻസുമാണ് പ്രദർശന മത്സരത്തിൽ ഏറ്റുമുട്ടിയത്. മത്സരത്തിൽ ക്യു സി എൽ ക്വീൻസ് 42 റൺസിന് ജയിച്ചു. വിജയികൾക്ക് കേരള രഞ്ജി താരം സച്ചിൻ ബേബി ട്രോഫി സമ്മാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ക്യുസിഎൽ ക്വീൻസ് അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെടുത്തു. 11 പന്തുകളിൽ 26 റൺസെടുത്ത ജിൻഷ ടി കെയും നാല് പന്തുകളിൽ 14 റൺസെടുത്ത സുബി എം ബിയുമാണ് ക്യുസിഎൽ ക്വീൻസ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിടി ക്വീൻസിന് നാല് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് മാത്രമാണ് നേടാനായത്.

കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായാണ് കെസിഎൽ ഫാൻ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങൾ നടക്കുന്നത്. കൊല്ലം ഒഴികെയുള്ള ജില്ലകളിലെ മത്സരങ്ങളാണ് ഇതുവരെ പൂർത്തിയായത്.

Leave a Reply

Your email address will not be published. Required fields are marked *