ക്ലാസിലെ മറ്റു കുട്ടികൾ ഉപയോഗിക്കുന്നത് കണ്ടാണ് മെർക്കുറി അടങ്ങിയ ഫെയർനെസ്ക്രീമിനെ കുറിച്ച് താൻ അറിഞ്ഞതെന്ന് ഫെയർനെസ് ക്രീം ഉപയോഗിച്ച് വൃക്ക രോഗം ബാധിച്ച പെൺകുട്ടി. എഫ് ട്യൂൺ എന്ന ക്രീമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, പലപേരുകളിൽ ഇതേ ക്രീം പുറത്തിറങ്ങുന്നുണ്ടെന്നും മിക്കതിലും മെർക്കുറി അടക്കമുള്ള രാസവസ്തുക്കളാണ് ചേർത്തിരിക്കുന്നതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
തുടക്കത്തിൽ ഉപയോഗിച്ചവർക്ക് കാര്യമായ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, പിന്നീട് കാലിൽ നീരുവന്നതിനെ തുടർന്ന് മൂത്രപരിശോധന നടത്തിയപ്പോഴാണ് മൂത്രത്തിലൂടെ ആൽബുമിൻ നഷ്ടപ്പെടുന്നതായി കണ്ടെത്തിയതെന്നും ഇതാണ് രോഗം കണ്ടെത്താൻ സഹായിച്ചതെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ക്രീമിന്റെ പാക്കറ്റിൽ ദുബൈൽനിന്ന് നിർമിക്കുന്നു എന്ന വിവരമല്ലാതെ നിർമാതാക്കളെക്കുറിച്ചോ മറ്റോ വ്യക്തമായ വിവരങ്ങളുണ്ടായിരുന്നില്ല. മഞ്ഞൾ ഉൾപ്പെടെയുള്ള പ്രകൃതിദത്ത ചേരുവകളുടെ പേരുകൾ മാത്രമാണ് നൽകിയിരുന്നത്. മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ക്രീം ഉപയോഗിക്കില്ലായിരുന്നുവെന്നും വിദ്യാർഥിനി പറയുന്നുക്രീമിന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധി ഇൻഫ്ലുവൻസർമാരുടെ പ്രചാരണ വിഡിയോകൾ കണ്ടിരുന്നു. മലയാളത്തിലും ഇവരുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകൾ വിളിക്കാറുണ്ടായിരുന്നു. ക്രീം ഉപയോഗിച്ച മറ്റു ചില കുട്ടികളും ക്ഷീണം അനുഭവപ്പെടുന്നതായി അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും വിദ്യാർഥി വ്യക്തമാക്കി.
അതിനിടെ, സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ ഇടപെട്ട് കേസെടുത്തു. ഓൺലൈൻ പ്ലാറ്റ്ഫോം വഴി വാങ്ങിയ സൗന്ദര്യവർധക ക്രീം ഒരു വർഷത്തോളം തുടർച്ചയായി ഉപയോഗിച്ചതിന് പിന്നാലെയാണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ മെർക്കുറിയുടെ അളവ് അപകടകരമാംവിധം ഉയർന്നതായി കണ്ടെത്തുകയായിരുന്നു. ക്രീം ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴും ഇതിൽ അനുവദനീയമായതിലും അമിതമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്സംഭവത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ വിവിധ വകുപ്പുകൾക്ക് കമീഷൻ നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്സ് കൺട്രോളർ, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, കുട്ടി ചികിത്സ തേടിയ ആശുപത്രിയിലെ സൂപ്രണ്ട് എന്നിവരോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
അതേസമയം, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വിളിച്ചുവരുത്തുന്ന മുഖകാന്തി ക്രീമുകൾ വിപണിയിൽ വ്യാപകമാകുന്നത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവം കൊണ്ടാണെന്ന വിമർശനം ശക്തമാകുന്നു. മെർക്കുറി (രസം) അടക്കമുള്ള വിഷഘനലോഹങ്ങളും വീര്യം കൂടിയ സ്റ്റിറോയിഡുകളും ഇത്തരം ക്രീമുകളിൽ അപകടകരമായ തോതിൽ ചേർക്കുന്നുണ്ടെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. കേന്ദ്ര സർക്കാർ ലബോറട്ടറികളിലെ പരിശോധനയിൽ അനുവദനീയമായതിലും പലമടങ്ങ് കൂടുതലായി മെർക്കുറിയും ലെഡും കണ്ടെത്തിയിട്ടും, വിൽപന തടയുന്നതിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപം
ചർമരോഗങ്ങൾ മാറ്റുമെന്ന് അവകാശപ്പെട്ട് വ്യാജ പരസ്യങ്ങൾ നൽകുന്നത് കോസ്മെറ്റിക്സ് നിയമപ്രകാരം കുറ്റകരമാണ്. എന്നിട്ടും ഇത്തരം ഉൽപന്നങ്ങൾ തടസ്സമില്ലാതെ വിറ്റഴിക്കപ്പെടുന്നു. ചർമത്തിലൂടെ രക്തപ്രവാഹത്തിൽ കലരുന്ന മെർക്കുറി വൃക്കകളെ ഗുരുതരമായി ബാധിക്കുകയും നാഡീവ്യവസ്ഥയുടെ തകരാറുകൾക്ക് വഴിവെക്കുകയും ചെയ്യും. ഇത് വിറയൽ, ഓർമക്കുറവ്, കടുത്ത ക്ഷീണം തുടങ്ങിയ പ്രയാസങ്ങളിലേക്ക് നയിക്കാം. ക്രീമുകളിൽ അടങ്ങിയിരിക്കുന്ന വീര്യമുള്ള സ്റ്റിറോയിഡുകൾ ചർമം നേർത്തതാക്കാനും രക്തക്കുഴലുകൾ തെളിഞ്ഞുകാണാനും കാരണമാകുന്നു. കടുത്ത മുഖക്കുരു, ചുവപ്പ്, ചൊറിച്ചിൽ, അമിത രോമവളർച്ച എന്നിവക്കും ഇത് ഇടയാക്കും. ദീർഘകാല ഉപയോഗം ചർമത്തിൽ നീല കലർന്ന കറുത്ത പാടുകൾ സ്ഥിരമായി അവശേഷിപ്പിക്കാനും സാധ്യതയുണ്ട്.
ചർമത്തിന്റെ സ്വാഭാവിക പ്രതിരോധ പാളി നശിക്കുന്നതിനാൽ സൂര്യപ്രകാശമേൽക്കുമ്പോൾ വേഗത്തിൽ പൊള്ളലേൽക്കാനും മറ്റ് ചർമരോഗങ്ങൾ പിടിപെടാനുമുള്ള സാധ്യത ഏറെയാണ്. മെലാനിൻ ഉൽപാദനം കുറച്ച് ചർമത്തിന് വെളുപ്പ് നൽകാനാണ് പ്രധാനമായും മെർക്കുറി ഉപയോഗിക്കുന്നത്. ഇത്തരം ഉൽപന്നങ്ങൾ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്
