കാലംചെയ്ത ശ്രേഷ്ഠ കാതോലിക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്‌കാരം മമ്മൂട്ടി ഏറ്റുവാങ്ങി. ഇത്തരമൊരു പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടെന്നും തിന്മയാണ് നമ്മുടെ ശത്രുവെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടി വേദിയില്‍ പ്രസംഗിച്ചു.
‘നമ്മുടെ മനസ്സിലേക്ക് വെറുപ്പ് കുത്തിക്കയറ്റുന്ന വിദ്വേഷം പകര്‍ന്നുതരുന്ന അപരവിദ്വേഷം ഉളവാക്കുന്ന ഒരുപാട് കാര്യങ്ങള്‍ രാവിലെ എഴുന്നേറ്റാല്‍ മുതല്‍ വൈകുന്നേരം ഉറങ്ങുന്നതുവരെ കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്. നമ്മളെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളായി കാണുന്നവരാണ് പലരും. നമ്മുടെ ശത്രു തിന്മയാണ്. എന്തുപേരിട്ട് വിളിച്ചാലും തിന്മ തിന്മ തന്നെയാണ്. വെറുപ്പ് തിന്മയുടെ പ്രതീകമാണ്’, മമ്മൂട്ടി പറഞ്ഞു.
‘ശത്രുക്കളെ ഇല്ലാതാക്കാന്‍ ഞാന്‍ ചെറിയൊരു വിദ്യ പ്രയോഗിക്കാറുണ്ട്. ബോംബിട്ട് കൊല്ലുകയോ വെടിവെച്ച് കൊല്ലുകയോ ആളെവിട്ട് തല്ലിക്കുകയോ അല്ല. ശത്രുക്കളെ മിത്രങ്ങളാക്കുകയാണ് ചെയ്യാറ്. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കാം. അവര്‍ മുന്‍കൈ എടുത്തില്ലെങ്കിലും നമ്മളത് ചെയ്യണം’, മമ്മൂട്ടി പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും ആനന്ദം തരുന്നത് സമാധാനമാണ്. പണമോ സൗകര്യമോ എ സി കാറോ ബംഗ്ലാവോ അല്ലെന്നും മമ്മൂട്ടി പറഞ്ഞു.
ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് ശ്രേഷ്ഠബാവാ പുരസ്‌കാരം നല്‍കുന്നത്.
