പോബ്സിൻ്റെ ഏഴ് തേയില തോട്ടങ്ങളും അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് തീരുമാനം

പീരുമേട് :
പോബ്സ് എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള ഏഴ് തേയില തോട്ടങ്ങളും അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. തുടർച്ചയായുള്ള സമരങ്ങളും സാമ്പത്തിക പ്രതിസന്ധിയും തോട്ടങ്ങളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതോടെയാണ് അടച്ചുപൂട്ടൽ തീരുമാനമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

2008-ലാണ് ആർബിടി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വണ്ടിപ്പെരിയാറിലെ ഏഴ് തേയില തോട്ടങ്ങൾ പ്രൊവിഡന്റ് ഫണ്ട് വകുപ്പിന്റെ പൊതുലേലത്തിലൂടെ പോബ്സ് എന്റർപ്രൈസസ് ഏറ്റെടുത്തത്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതകളും സർക്കാർ സ്ഥാപനങ്ങളിലെ കുടിശ്ശികകളും തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും പൂർണമായി തീർപ്പാക്കിയാണ് തോട്ടങ്ങൾ ഏറ്റെടുത്തതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന തോട്ടങ്ങൾ പുനരുജ്ജീവിപ്പിച്ച് കൃഷി പുനരാരംഭിക്കുന്നതിനായി വൻതുക നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ തേയില വ്യവസായം നേരിട്ട കാർഷിക പ്രതിസന്ധികൾക്കൊപ്പം തൊഴിൽ സംബന്ധമല്ലാത്ത വിഷയങ്ങൾ ഉന്നയിച്ചുള്ള തുടർച്ചയായ സമരങ്ങളും കമ്പനിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും കുടിശ്ശികയില്ലാതെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കമ്പനിക്ക് കഴിഞ്ഞിരുന്നു. എന്നാൽ 2023 മുതൽ സമരങ്ങളുടെ പശ്ചാത്തലത്തിൽ ശമ്പളവിതരണത്തിൽ നേരിയ കാലതാമസം ആരംഭിച്ചു.

സീസൺ സമയങ്ങളിൽ തൊഴിലാളികൾ കൂട്ടത്തോടെ ജോലിക്കെത്താതിരുന്നതോടെ വിളവെടുപ്പ് തടസ്സപ്പെടുകയും വലിയ തോതിൽ തേയില നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ശമ്പളവിതരണത്തിലെ കാലതാമസം വർധിക്കുകയും തോട്ടത്തിന്റെ വലിയൊരു ഭാഗത്തെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതായി മാനേജ്‌മെന്റ് പറയുന്നു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി തൊഴിൽ വകുപ്പ് മന്ത്രിയുടെയും ലേബർ കമ്മീഷൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നു. തൊഴിലാളികളുടെ പൂർണസഹകരണം ഉറപ്പുനൽകിയതിനെത്തുടർന്ന് തോട്ടങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാനും തൊഴിലാളികളുടെ ക്ഷേമത്തിനാവശ്യമായ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനും മാനേജ്‌മെന്റ് ശ്രമം ആരംഭിച്ചു. ഇതിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുകയും സാമ്പത്തിക സഹായം സമാഹരിക്കുന്നതിനുള്ള അവസാനഘട്ട നടപടികളിലേക്ക് കടക്കുകയും ചെയ്തു.

ഇതിന്റെ ഭാഗമായി നവംബർ 12-ന് കോട്ടയത്തെ ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് ഓഫീസിൽ അഡീഷണൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കുടിശ്ശികകൾ തീർപ്പാക്കുന്നതിനും തോട്ടങ്ങളുടെ പ്രവർത്തനം പൂർണതോതിൽ പുനരാരംഭിക്കുന്നതിനുമുള്ള മാർഗരേഖയും സമയക്രമവും പത്ത് ദിവസത്തിനകം തയ്യാറാക്കി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുമെന്ന് മാനേജ്‌മെന്റ് യോഗത്തിൽ ഉറപ്പുനൽകി. തൊഴിലാളി പ്രതിനിധികളും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ഇത് അംഗീകരിച്ചു. മാർഗരേഖയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതിനായി നവംബർ 25-ന് വീണ്ടും ചർച്ച നടത്താനും തീരുമാനിച്ചിരുന്നു.

പരിഹാര ചർച്ചകൾ പൂർത്തിയാകുന്നതുവരെ സമരങ്ങളോ പ്രക്ഷോഭങ്ങളോ ചർച്ച പരാജയപ്പെടുത്തുന്ന മറ്റ് നടപടികളോ ഉണ്ടാകരുതെന്ന് യോഗാധ്യക്ഷൻ അഭ്യർത്ഥിക്കുകയും തൊഴിലാളി യൂണിയനുകൾ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ ധാരണയ്ക്ക് വിരുദ്ധമായി ഹൈറേഞ്ച് എംപ്ലോയീസ് ലേബർ യൂണിയൻ കമ്പനിയുടെ തിരുവല്ലയിലെ ഹെഡ് ഓഫീസിലും തൊഴിലുടമയുടെ വസതിയിലും സമരം നടത്തിയെന്ന് മാനേജ്‌മെന്റ് ആരോപിച്ചു. ഇതോടെ ചർച്ചകളിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയുണ്ടായെന്നും സാമ്പത്തിക സഹായം നൽകാൻ തയ്യാറായിരുന്ന ധനകാര്യ സ്ഥാപനം സഹായം പിൻവലിച്ചെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

. വൻ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്ത് പ്രവർത്തനം നിലനിർത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ തുടർന്നും ഇത്തരം സമരങ്ങളെ അഭിമുഖീകരിച്ച് മുന്നോട്ടുപോകുന്നത് കമ്പനിയെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്നും തോട്ടങ്ങളുടെ പ്രവർത്തനം അസാധ്യമാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഈ സാഹചര്യത്തിൽ തോട്ടങ്ങൾ അടച്ചുപൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. അടച്ചുപൂട്ടൽ തീരുമാനം നടപ്പാക്കുന്നതോടെ നൂറുകണക്കിന് തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി ആശങ്കയിലാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *