ജോലിസ്ഥലത്തേക്ക് പോകാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് രാജ്യത്തെ ഒൻപത് ശതമാനം പേർ മാത്രമെന്ന കണ്ടെത്തലുമായി കേന്ദ്ര മന്ത്രാലയം നടത്തിയ സർവേ. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം ആദ്യമായി നടത്തിയ ദേശിയ കുടുംബ യാത്രാ സർവേ (National Household Travel Survey) ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്തെ 43 ശമാനം ജനങ്ങളും ജോലിസ്ഥലത്തേക്ക് പോകാൻ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് സർവേ കണ്ടെത്തിയിട്ടുള്ളത്. വെറും മൂന്ന് ശതമാനം പേർ മാത്രമാണ് ഓഫീസിൽ പോകാൻ കാർ ഉപയോഗിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച നിരവധി സംസ്ഥാനങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതാണ് ഈ സർവേ ഫലമെന്ന് The Indian Express റിപ്പോർട്ടു ചെയ്യുന്നു.
പല സംസ്ഥാനങ്ങളിലും ജോലിക്കായി ബസിൽ യാത്ര ചെയ്യുന്ന നഗരങ്ങളിലെ സ്ത്രീകളുടെ അനുപാതം ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. കേരളത്തിൽ 46.8 ശതമാനം, തമിഴ്‌നാട്ടിൽ 41.1 ശതമാനം, കർണാടകയിൽ 34.9 ശതമാനം, തെലങ്കാനയിൽ 28.9% എന്നിങ്ങനെയാണ് കണക്കുകൾ. കേരളത്തിലടക്കം കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ സാധൂകരിക്കുന്നതാണ് ഈ കണക്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്.
