കരിക്കത്തിക്കുഴി ബലിക്കടവും ആറാട്ടുകടവും സംരക്ഷിക്കണം; മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

മുല്ലൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മുല്ലൂർ കരിക്കത്തിക്കുഴിയിലെ ബലിക്കടവും ആറാട്ടുകടവും സംരക്ഷിക്കണമെന്നും, പ്രദേശത്തെ ഡ്രെഡ്ജിങ്, പാറ ഖനനം, കുന്നുകൾ ഇടിച്ചുനിരത്തൽ ,രാത്രികാല നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജനാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.

കരിക്കത്തിക്കുഴിയിൽ നടന്ന മനുഷ്യച്ചങ്ങലയോടനുബന്ധിച്ചുള്ള പൊതുയോഗം കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പുന്നക്കുളം ബിനു ഉദ്ഘാടനം ചെയ്തു. മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തവർക്ക് കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൊവ്വര രാജൻ, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹൈസിന്ത് ലൂയിസ്, എൽ. ശശിധരൻ, അമ്പിളി, സ്മിത ഗോപൻ ,രഞ്ജിത്ത് എന്നിവർ പ്രദേശത്തെ തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണമുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സംസാരിച്ചു

ജനാവകാശ സംരക്ഷണ സമിതി പ്രസിഡൻറ് ജെറോംദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ. എ. ഹരികുമാർ സ്വാഗതം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സ്വാഭാവിക പാറക്കൂട്ടങ്ങളും പരമ്പരാഗത ബലിക്കടവുകളും ആറാട്ടുകടവുകളും സംരക്ഷിക്കണമെന്നും, പരിസ്ഥിതിക്കും തീരദേശ ജനങ്ങളുടെ ജീവിതത്തിനും പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

തുടർന്ന് നെയ്യാറ്റിൻകര തഹസിൽദാർ ശ്രീ. സജിയുടെ സാന്നിധ്യത്തിൽ സമിതി പ്രതിനിധികളും അധികൃതരും തമ്മിൽ ചർച്ച നടന്നു. സമിതി ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച് പരിഹാരം കാണുന്നതിനായി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി.

ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മനുഷ്യച്ചങ്ങലയും സത്യാഗ്രഹ സമരവും അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *