കാഞ്ഞങ്ങാട് : കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘നശാ മുക്ത് യുവാ ഫോർ വികസിത് ഭാരത് – 100 ആഴ്ച നശാ മുക്ത് യുവാ അഭിയാൻ’ പദ്ധതിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരിക്കെതിരെ ഒപ്പുശേഖരണവും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനും സംഘടിപ്പിച്ചു.
ക്യാമ്പയിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ. ഗീത നിർവഹിച്ചു. നഗരസഭ കൗൺസിലർ എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് കൗമാര ആരോഗ്യ കൗൺസിലർ പ്രതീഷ് മോൻ മുഖ്യ പ്രഭാഷണം നടത്തി.
ലഹരി ഉപയോഗം യുവതലമുറയിൽ സൃഷ്ടിക്കുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതീഷ് മോൻ വിശദമായി ബോധവൽക്കരണം നടത്തി.പ്രിൻസിപ്പൽ പി.എസ്.അരുൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്ക് ലഹരി മുക്തമായ യുവതലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നാഷണൽ സർവീസ് സ്കീമും (NSS) ചേർന്ന് നടപ്പാക്കുന്ന 100 ആഴ്ച നീണ്ടു നിൽക്കുന്ന ദേശീയ ക്യാമ്പയിനാണ് നശാ മുക്ത് യുവാ അഭിയാൻ. രാജ്യത്തുടനീളമുള്ള സ്കൂളുകൾ, കോളേജുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ, ഒപ്പ് ശേഖരണം, ബോധവൽക്കരണ ക്ലാസുകൾ, റാലികൾ എന്നിവയാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.
പ്രിൻസിപ്പൽ പി.എസ്.അരുൺ, എൻ.എസ്.എസ്. ക്ലസ്റ്റർ കോർഡിനേറ്റർ പി. സമീർ സിദ്ദിഖി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു, അധ്യാപകരായ പ്രജീഷ് സി.എം., അശ്വിനി, എസ്. സനിത, വോളന്റിയർമാരായ വി.വിസ്മയ, സൈന അബ്ദുൾ ജലീൽ, സൈനബ് സിയ, കൃഷ്ണപ്രിയ, ആര്യ എം.കെ, വിസ്മയ എം.എസ്, അനാമിക ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
