വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കൊല്ലം വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പവിത്രേശ്വരം പഞ്ചായത്തിലെ എസ്എൻപുരം സത്യവാൻമുക്കിനു സമീപം രാഗേഷ് ഭവനിൽ സി. രവി (62) യാണ് മരിച്ചത്. വീടിന്റെ കുളിമുറിയിലാണ് രവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രവിയുടെ ഭാര്യ ഗീതയുടെ പേരിലുള്ള ഏഴര സെന്റ് വസ്തുവിൽ വീട് നിർമാണത്തിനായി മകൻ രാഗേഷ് 2022-ൽ കൊട്ടാരക്കരയിലെ സ്വകാര്യ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ വായ്പ പിന്നീട് മറ്റൊരു സ്വകാര്യ ബാങ്കിലേക്ക് മാറ്റുകയും ചെയ്തു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടിശിക ഉൾപ്പെടെയുള്ള തുക 28,91,091 രൂപയായി ഉയരുകയും, തുടർന്ന് കഴിഞ്ഞ ജൂൺ 22-ന് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്യുകയുമായിരുന്നു.ജപ്തി നടപടികളെ തുടർന്ന് രാഗേഷും കുടുംബവും വാടകവീട്ടിലേയ്ക്ക് മാറിയെങ്കിലും രവി മാത്രം വീടിന്റെ സിറ്റൗട്ടിൽ തുടരുകയായിരുന്നു. താനെടുത്ത വായ്പയ്ക്ക് 20 വർഷത്തെ കാലാവധിയുണ്ടായിരുന്നുവെന്ന് രാഗേഷ് വ്യക്തമാക്കി. ഇടയ്ക്ക് അമ്മയുടെ കൈക്ക് അസുഖം ബാധിച്ചതിനെ തുടർന്നുണ്ടായ ചികിത്സാ ചിലവുകൾ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചതാണ് തിരിച്ചടവ് മുടങ്ങാൻ കാരണമായത്.നാലര ലക്ഷം രൂപയോളം ഇതിനോടകം തിരിച്ചടച്ചിരുന്നുവെന്നും, എന്നാൽ ഒരു വർഷത്തെ തവണ മാത്രമാണ് മുടങ്ങിയതെന്നും, കാലാവധിയുണ്ടായിട്ടും ബാങ്ക് അധികൃതർ വീട്ടിൽ നിന്നിറക്കിവിട്ടുവെന്നുമാണ് രാഗേഷ് ആരോപിക്കുന്നത്. അതേസമയം, മുന്നറിയിപ്പ് നൽകിയിട്ടും വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ജപ്തിയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നെന്നും നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *