ന്യൂഡൽഹി : ദേശീയതലത്തിൽ തരംഗമായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കോക്രോച്ച് ജനതാ പാർട്ടിക്ക് ബദലായി പുതിയ പാർട്ടി പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ മനീഷ് ബ്രഹ്മഭട്ട്. സംഘടനയെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും സംഘവും ഹൈജാക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ‘കോക്രോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക്’ എന്നാണ് പുതിയ സംഘടനയുടെ പേര്.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ‘കോക്രോച്ച്’ (പാറ്റ) പരാമർശത്തിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുടങ്ങിയ പ്രസ്ഥാനമാണ് പിന്നീട് ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ വലിയ ജനകീയ മുന്നേറ്റമായി മാറിയത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച വൻ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് സിജെപി ആയിരുന്നു. ഈ പ്രതിഷേധങ്ങളെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടി വന്നത്.
എന്നാൽ, സമരം വിജയകരമായി പൂർത്തിയായതോടെ സിജെപിയെ രാഷ്ട്രീയവൽക്കരിക്കാനും സ്വന്തം അജണ്ടകൾക്കായി ഉപയോഗിക്കാനും ശ്രമം നടന്നതായി മനീഷ് ബ്രഹ്മഭട്ട് ആരോപിച്ചു. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയുമായി ചേർന്ന് കെജ്‌രിവാൾ പ്രസ്ഥാനത്തെ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ബ്രഹ്മഭട്ട് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പ്രക്ഷോഭത്തിന് രക്തവും വിയർപ്പും ഒഴുക്കിയ വോളണ്ടിയർമാരെ പൂർണമായി ഒഴിവാക്കി, വീടുകളിൽ ഇരുന്ന് 12 അംഗ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ഇതിൽ എട്ടുപേരും ആം ആദ്മി പാർട്ടിയുമായി ബന്ധമുള്ളവരാണ്. ഡൽഹിയിൽ നടന്ന വോളണ്ടിയർമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെച്ചു. വിവരങ്ങൾ പുറത്തുപോകാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.
ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെയോ സർക്കാരിനെയോ മാത്രം എതിർക്കാൻ രൂപീകരിച്ച പ്രസ്ഥാനമല്ല. അഴിമതി നിറഞ്ഞ വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ്. രാജ്യത്തെ യുവാക്കളുടെ സമരത്തെ കെജ്രിവാളിന്റെ ടീമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് മനീഷ് ബ്രഹ്മഭട്ട് പറഞ്ഞു.
സുതാര്യതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചായിരിക്കും ‘സിജെപി ഡെമോക്രാറ്റിക്’ പ്രവർത്തിക്കുകയെന്ന് മനീഷ് ബ്രഹ്മഭട്ട് വ്യക്തമാക്കി. ഓരോ സംസ്ഥാനത്ത് നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി ജനാധിപത്യ രീതിയിൽ പുതിയ ദേശീയ ടീമിനെ തിരഞ്ഞെടുക്കുമെന്നും, വാട്സ്ആപ്പ്, സോഷ്യൽ മീഡിയ, മിസ്ഡ് കോൾ സംവിധാനങ്ങൾ വഴി പൊതുജനങ്ങൾക്ക് പ്രസ്ഥാനത്തിൽ അംഗങ്ങളാകാമെന്നും ബ്രഹ്മഭട്ട് അറിയിച്ചു.
