കടുത്തുരുത്തി: ഓണാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഒരുക്കിയ കടുത്തുരുത്തി നിയോജകമണ്ഡലതല ഓണം ഫെയറിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു.
കടുത്തുരുത്തി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയി ജോർജ് വെട്ടിക്കത്തടം അധ്യക്ഷത വഹിച്ചു. ഫെയറിലെ ആദ്യ വിൽപ്പന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് നിർവ്വഹിച്ചു. വൈക്കം താലൂക്ക് ഡിപ്പോ മാനേജർ ശാലിനി സി.കെ യോഗത്തിൽ സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആൻ മരിയ ജോർജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈസമ്മ തോമസ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ, ഗ്രാമപഞ്ചായത്ത് അംഗം ജിൻസി എലിസബത്ത് എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജെയിംസ് പുല്ലാപ്പള്ളിൽ, പ്രമോദ് കടന്തേരി, പി.ജി ത്രിഗുണസെൻ, ജോർജ് മങ്കുഴിക്കരി, ആയംകുടി വാസുദേവൻ നമ്പൂതിരി,കടുത്തുരുത്തി സപ്ലൈകോ ഒ.ഐ.സി മായ തുടങ്ങിയവരും പങ്കെടുത്തു.
കടുത്തുരുത്തി നിയോജക മണ്ഡലതല സപ്ലൈകോ ഓണം ഫെയർ മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു
