മനുഷ്യത്വവും സാഹോദര്യവും ഉദ്ഘോഷിച്ച് ലോക മാനവിക ദിനാചരണം

ദോഹ: ലോക മാനവിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച കൂടിയിരുത്തം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ഉയര്‍ത്തിപ്പിടിച്ച ചിന്തകളും ആശയങ്ങളും കൊണ്ട് ശ്രദ്ധേയമായി. പരസ്പരം കരുതലോടെയും സഹാനുഭൂതിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമമാണ് ലോകത്തിന് ഏറ്റവും ആവശ്യമെന്നും, ജീവിതത്തില്‍ നാം എന്ത് നേടി എന്നതിനേക്കാള്‍ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്ത് ലഭിച്ചു എന്നതാണ് കൂടുതല്‍ പ്രസക്തമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.1972-ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന മലയാളചലച്ചിത്രത്തിനായി വയലാര്‍ രാമവര്‍മ്മ രചിച്ച് ജി. ദേവരാജന്‍ സംഗീതം നല്‍കി കെ. ജെ. യേശുദാസ് ആലപിച്ച ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന സന്ദേശപ്രധാനമായ ഗാനം ആലപിച്ചുകൊണ്ട് ഗായിക സിതാര ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യനെ മതത്തിനും ജാതിക്കും അതീതമായി കാണേണ്ടതിന്റെ പ്രസക്തി ഓര്‍മിപ്പിച്ച ഗാനത്തിന്റെ അവതരണം പരിപാടിക്ക് മാനവികതയുടെ ശക്തമായ സന്ദേശം പകര്‍ന്നു.നമ്മുടെ ജീവിതം കൊണ്ട് ഒരാളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞെങ്കില്‍, ഒരാള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ കഴിഞ്ഞെങ്കില്‍, ഒരാളെ ഉയര്‍ത്തിനിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍, അല്ലെങ്കില്‍ ഒരാളുടെ ജീവിതത്തില്‍ ചെറിയൊരു മാറ്റമെങ്കിലും സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കില്‍ അതാണ് ജീവിതത്തിന്റെ യഥാര്‍ത്ഥ മഹത്വമെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ വേദന തിരിച്ചറിയാനും അവര്‍ക്കൊപ്പം നില്‍ക്കാനും കഴിയുന്ന മനുഷ്യരാണ് സമൂഹത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്. മാനവികതയുള്ള മനുഷ്യരും സാഹോദര്യമുള്ള സമൂഹവുമാണ് പുരോഗമിച്ച ഒരു ലോകത്തിന്റെ യഥാര്‍ത്ഥ അടയാളമെന്നും അവര്‍ പറഞ്ഞു.സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സവിത ദീപു, കലാകാരന്‍ മുനീര്‍ തൂലിക, സംരംഭകരായ ജെബി കെ. ജോണ്‍, മന്‍സൂര്‍ കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ സജീവ സാന്നിധ്യമായ ജെബി കെ. ജോണിനെ ചടങ്ങില്‍ ഗായിക സിതാര ഷാഫി പൊന്നാടയണിയിച്ച് ആദരിച്ചു.മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *