പേര് പതിച്ച ഭാഗ്യചിഹ്നം മന്ത്രി എം ലിജു പ്രകാശനം ചെയ്തു
72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്റെ പേര് ‘വേഴു’. ‘വേഴു’ എന്ന പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എക്സൈസ്, സഹകരണ മന്ത്രി എം ലിജു പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ഷാജി വി. നായർ, ചലച്ചിത്ര നടി ദേവി ചന്ദന എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.
ആലപ്പുഴ,കുതിരപ്പന്തി, നടുവിലെപറമ്പ് എ.ആർ. ശുഐബ് ആണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദ്ദേശിച്ച വിജയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 1575 എൻട്രികളിൽ നിന്നാണ് ‘വേഴു’ എന്ന പേര് തിരഞ്ഞെടുത്തത്.
ഭാഗ്യചിഹ്നത്തിന്റെ പേരിനുള്ള എൻട്രികൾ വാട്സാപ്പ് മുഖേനയാണ് ക്ഷണിച്ചത്. എൻട്രികളിൽ 30 പേരാണ് ‘വേഴു’ എന്ന പേര് നിർദേശിച്ചത്. ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്ക് മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കും.
ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. റോയ്, മുൻ ഡി.ടി.പി.സി. സെക്രട്ടറി സി. പ്രദീപ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്.
ചടങ്ങിൽ നഗരസഭാംഗങ്ങളായ എ.എം. നൗഫൽ,ബെന്നി ജോസഫ്, ബിജി ശങ്കർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. പ്രേംജി, ജില്ലാ ഇൻഫർമേഷൻ ഓഫീസറും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, ഡോ. നെടുമുടി ഹരികുമാർ, എ.എൻ.പുരം ശിവകുമാർ, എ. കബീർ, ടി.ആർ. ആസാദ്, അഡ്വ. ജി. മനോജ് കുമാർ, കെ. നാസർ, രമേശൻ ചെമ്മാപറമ്പിൽ, നസീർ പുന്നയ്ക്കൽ, സുഭാഷ് ബാബു, പി.കെ. ബൈജു, റോയി പാലത്ര, എബി തോമസ് തുടങ്ങിയവർ സംബന്ധിച്ചു.
