പീരുമേട് :
പെരുവന്താനം പഞ്ചാ യത്തിലെ നാലാം വാർഡായ അമലഗിരിയിൽ ജനവാസ മേഖലയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന അനധികൃത സ്വകാര്യ മാലിന്യ നിക്ഷേപകേന്ദ്രം പഞ്ചായത്ത് അധികൃതർ ഇടപെട്ട് അടപ്പിച്ചു. ആലപ്പുഴ, കോട്ടയം, ചേർത്തല തുടങ്ങിയ വിവിധ മേഖലകളിലെ ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങൾ ഉൾപ്പെടെ പകലും രാത്രിയുമായി ടോറസ് ലോറികളിലെത്തിച്ച് ഇവിടെ നിക്ഷേപിക്കുകയായിരുന്നു പതിവ്.
സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ജെ.സി.ബി. ഉപയോഗിച്ച് വലിയ കുഴികളെടുത്ത് അതിലാണ് മാലിന്യം തള്ളിയിരുന്നത്. കുഴികൾ മാലിന്യം കൊണ്ട് നിറഞ്ഞതോടെ പ്രദേശത്താകെ ദുർഗന്ധം വമിക്കുകയും ഇതേത്തുടർന്ന് നാട്ടുകാർ വിവരം അറിയുകയുമായിരുന്നു. തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് മാലിന്യവുമായി എത്തിയ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു.
ഇവിടെ നിലവിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ തിരികെ ലോറിയിൽ തന്നെ കയറ്റി ശുചിത്വ മിഷനെ ഏൽപ്പിക്കാൻ നിർദ്ദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ അറിയിച്ചു. നിയമവിരുദ്ധമായി മാലിന്യ നിക്ഷേപ കേന്ദ്രം നടത്തിയവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമീപ പ്രദേശമായ പാലൂർക്കാവിലെ ജനവാസ മേഖലയ്ക്ക് ഈ മാലിന്യ കേന്ദ്രം വലിയ ഭീഷണിയായിരുന്നു. കാലവർഷം ശക്തമാകുമ്പോൾ ഇവിടെ നിന്നുള്ള മലിനജലം ഒലിച്ച് സമീപത്തെ ജലസ്രോതസ്സുകളിൽ കലരാൻ വലിയ സാധ്യതയുണ്ടായിരുന്നു. ഇത് മുൻകൂട്ടി കണ്ടാണ് അടിയന്തരമായി ഇടപെട്ട് കേന്ദ്രം അടപ്പിച്ചതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി ബിനോയി പറഞ്ഞു.
വൈസ് പ്രസിഡന്റ് മേരിക്കുട്ടി ബിനോയി, വാർഡ് മെമ്പർ സെബാസ്റ്റ്യൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീവ മോൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് മാലിന്യ നിക്ഷേപം തടഞ്ഞതും തുടർനടപടികൾ സ്വീകരിച്ചതും.
അമലഗിരിയിലെ അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രം അടപ്പിച്ചു; നാട്ടുകാരും പഞ്ചായത്തും ചേർന്ന് ലോറി തടഞ്ഞു
