തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനമായ ജൂൺ 5-നോടനുബന്ധിച്ച് ഭാരതീയ ജനത ഒ.ബി.സി മോർച്ചയും ബാങ്ക് ഓഫ് ഇന്ത്യ മുക്കോല ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച വൃക്ഷതൈ നടീൽ പരിപാടി ശ്രദ്ധേയമായി.
പരിപാടിയുടെ ഉദ്ഘാടനം ബാങ്ക് ഓഫ് ഇന്ത്യ മുക്കോല ബ്രാഞ്ച് മാനേജരും ഭാരതീയ ജനത ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പൂങ്കുളം സതീഷും വാർഡ് കൗൺസിലർ പനിയടിയും ചേർന്ന് വൃക്ഷതൈ നട്ടുകൊണ്ട് നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ ഒ.ബി.സി മോർച്ച ജില്ലാ ട്രഷറർ കടയ്ക്കുളം സഞ്ചുലാലും ജില്ലാ വൈസ് പ്രസിഡന്റ് നവകുമാറും നേതൃത്വം നൽകി.
ഭാവി തലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും, ഇത്തരം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിവിധ പ്രവർത്തകരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

