വയോധികയെ പോലീസ് മർദ്ദിച്ചതായി പരാതി

സ്വന്തം ലേഖകൻ

ഗുരുവായൂർ: ക്രിമിനൽ കേസ് പ്രതിയായ പേരക്കുട്ടിയെ അന്വേഷിച്ചെത്തിയ പോലീസ് സംഘം വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ മർദ്ദിച്ചതായി പരാതി. താമരയൂർ സ്വദേശിനി ജമീല (65) ക്ക് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായതായി ആരോപണമുയർന്നിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.​കഴിഞ്ഞ ദിവസം ആളൂരിൽ വെച്ച് ജമീലയുടെ മകളുടെ മകൻ റീസാൽ ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് റീസാലും സുഹൃത്തുക്കളും നാട്ടുകാരുമായി ഉണ്ടായ തർക്കത്തിനിടെ ഒരാളുടെ തല അടിച്ചപൊട്ടിച്ചതായി പറയപ്പെടുന്നു. ഈ സംഭവത്തിൽ ഗുരുവായൂർ പോലീസ് കേസെടുത്തിരുന്നു. ഒളിവിലായ പ്രതി റീസാലിനെ തിരഞ്ഞാണ് പോലീസ് സംഘം താമരയൂരിലെ ജമീലയുടെ വീട്ടിലെത്തിയത്.​വീടിനുള്ളിൽ പരിശോധന നടത്തിയ പോലീസ് സംഘം മുറിയിലെ അലമാര തുറക്കാൻ ശ്രമിച്ചപ്പോൾ ജമീല ഇത് തടഞ്ഞു. ഇതിൽ പ്രകോപിതരായ പോലീസ് ഉദ്യോഗസ്ഥർ വയോധികയുടെ കഴുത്തിന് പിടിച്ചു തള്ളുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.​പരിക്കേറ്റ ജമീലയെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗുരുവായൂർ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ജമീലയുടെ ബന്ധുക്കൾ അറിയിച്ചു. വയോധികയ്ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ നാട്ടുകാരിലും വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *