ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജകുമാരനും സൗദിയിൽ കൂടിക്കാഴ്ച നടത്തി.മേഖലയിലെയും രാജ്യാന്തര തലത്തിലെയും നിലവിലെ സാഹചര്യങ്ങളും സംഘർഷം കുറയ്ക്കാനും മേഖലയിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളും ആണ് ഇരുവരും ചർച്ച ചെയ്തത്.സമാധാനപരമായ പരിഹാരങ്ങളെ പിന്തുണയ്ക്കുകയും നിലവിലെ സാഹചര്യങ്ങളുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന തരത്തിൽ ശ്രമങ്ങളെ ഏകോപിപ്പിക്കുകയും കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ചർച്ച ചെയ്‌തെന്നും അമീർ കൂട്ടിച്ചേർത്തു. പരസ്പര താല്പര്യമുള്ള നിർണായക വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. നിരന്തരമുള്ള ഏകോപനത്തിന്റെയും കൂടിയാലോചനകളുടെയും പ്രാധാന്യവും ഇരുവരും ചൂണ്ടിക്കാട്ടി. ജിദ്ദയിൽ നടന്ന യോഗത്തിൽ, നിലവിലെ സാഹചര്യങ്ങൾ മേഖലയിലെയും രാജ്യാന്തര തലത്തിലെയും സുരക്ഷക്കും സ്ഥിരതയ്ക്കും വെല്ലുവിളികളായി മാറുന്നതോടൊപ്പം ആഗോള ഊർജവിതരണത്തെയും വിപണിയുടെ സ്ഥിരതയെയും ബാധിക്കുന്നതായും അവർ വിലയിരുത്തി.ഖത്തർ പ്രധാനമന്ത്രിയും വിദേശ്യകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി, അമീരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇറാൻ ആക്രമണം: സമാധാനപരമായ പരിഹാരങ്ങൾക്ക് കൂട്ടായ ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഖത്തർ അമീർ
