ആപ്പാഞ്ചിറ:കോട്ടയം വഴി പുതുതായി അനുവദിച്ച നഗര്‍കോവില്‍ – മംഗലാപുരം അമൃത് ഭാരത് എക്‌സ്പ്രസിനും തിരുവനന്തപുരം നോര്‍ത്ത് – ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്‌സ്പ്രസിനും വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി യോഗം ആവശ്യപ്പെട്ടു.മധ്യകേരളത്തിലെ സാധാരണ യാത്രക്കാര്‍ക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകള്‍ ഉള്‍പ്പെടെ കൂടുതല്‍ മെച്ചപ്പെട്ട റെയില്‍ ബന്ധം ഉറപ്പാക്കാന്‍ സാധിക്കുന്ന ഈ ട്രെയിനുകള്‍ക്ക് എറണാകുളത്തിനും കോട്ടയത്തിനും ഇടയ്ക്ക് ഒരു സ്‌റ്റേഷനില്‍ പോലും നിലവില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടില്ല .ഈ രണ്ട് സ്‌റ്റേഷനുകളുടെയും ഇടയില്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമായ സ്‌റ്റേഷനാണ് വൈക്കം റോഡ് . വൈക്കം,മീനച്ചില്‍ താലൂക്കുകളിലെ യാത്രക്കാര്‍ക്ക് ബസുകളില്‍ വന്നിറങ്ങി വളരെ പെട്ടെന്ന് സ്‌റ്റേഷനില്‍ എത്താം എന്നതാണ് ഇവിടത്തെ പ്രത്യേകത. കോട്ടയത്തിനും എറണാകുളത്തിനും മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന വൈക്കം റോഡില്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തണമെന്ന് ആവശ്യം കാലങ്ങളായുള്ളതാണ് .പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഇവിടെ സ്‌റ്റോപ്പ് അനുവദിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപിയും മറ്റു ജനപ്രതിനിധികളും മുന്‍കൈയെടുക്കണം . നോണ്‍ എ സി വിഭാഗത്തിലുള്ള, സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് പൗരസമിതി യോഗം വിലയിരുത്തി.നിലവില്‍ കേരള എക്‌സ്പ്രസ് ,ഗുരുവായൂര്‍ ,പാലരുവി, പരശുറാം എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ള വൈക്കം റോഡ് റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.യോഗത്തില്‍ പൗരസമിതി പ്രസിഡന്റ് പി ജെ തോമസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി അബ്ബാസ് നടയ്ക്കമ്യാലില്‍,ജെയിംസ് പാറയ്ക്കല്‍,അഡ്വ.കെ എം ജോര്‍ജ്,ഷാജി കാലായില്‍,കുഞ്ഞുകുഞ്ഞ് പുള്ളോംകാലായില്‍, സുധ കൊടുംന്തല,സുമം പുള്ളോംകാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കണം
