സൗദിയിൽ വാഹനാപകടം: മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു

അബഹ(സൗദി): സൗദിയിലെ അബഹക്ക് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയായ യുവാവും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. അബഹയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ജിസാൻ റൂട്ടിലെ ദർബിന് സമീപം മർദ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. തിങ്കളാഴ്‌ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.സെൻട്രൽ പോയിന്റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായിരുന്നു ഇവർ. അബഹയിലെ റീജ്യണൽ ഓഫീസിൽ സ്റ്റാഫ് മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിറകിൽ സൗദി പൗരൻ്റെ വാഹനം ഇടിക്കുകയും ഇതോടെ കാർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു. റിയാസും അമ്മാറും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. സഹയാത്രികരായിരുന്ന മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരുക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *