കണ്ടശ്ശാംകടവ്: ദിവസവും 50 പുഷ്-അപ്പുകൾ വീതം തുടർച്ചയായി 500 ദിവസം പൂർത്തിയാക്കി 25,000 പുഷ്-അപ്പുകൾ എന്ന അപൂർവ നേട്ടം സ്വന്തമാക്കി തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി അൽവിൻ പോൾ. ഈ നേട്ടത്തിലൂടെ യു.ആർ.ബി. (URB) യൂണിവേഴ്സൽ റെക്കോർഡ് ബുക്കിൽ ഇടം നേടാനും അൽവിന് സാധിച്ചു.
2025 ജൂൺ 12-ന് ആരംഭിച്ച ചലഞ്ച് യാതൊരു മുടക്കവുമില്ലാതെ 500 ദിവസം പൂർത്തിയാക്കുകയായിരുന്നു. ജോലിയുടെ തിരക്കുകളും ഷിഫ്റ്റ് ഡ്യൂട്ടികളും വെല്ലുവിളിയായപ്പോഴും കൃത്യമായ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ലക്ഷ്യം കൈവരിക്കുകയായിരുന്നു.
നിലവിൽ യു.എ.ഇയിലെ ദുബായ് പ്ലാന്റിൽ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൽ ഫയർഫൈറ്ററായി ജോലി ചെയ്യുന്ന അൽവിന് അഗ്നിരക്ഷാ മേഖലയിലും മികച്ച പ്രവൃത്തിപരിചയമുണ്ട്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ (CIAL) ഫയർഫോഴ്സ് വിഭാഗത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എയർപോർട്ട്, ഇൻഡസ്ട്രിയൽ ഫയർഫൈറ്റിംഗ് മേഖലകളിലെ അനുഭവസമ്പത്തും ഇദ്ദേഹത്തിനുണ്ട്.
കായികരംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള അൽവിൻ പോൾ കൊച്ചിൻ സർവകലാശാലയിലെ മുൻ ബോക്സിംഗ് ചാമ്പ്യനാണ്. ബോക്സിംഗിലൂടെ നേടിയെടുത്ത അച്ചടക്കവും ശാരീരികക്ഷമതയും ജീവിതത്തിലും ജോലിയിലും പരിശീലനത്തിലും ഇന്നും പിന്തുടരുന്നു.
തൃശൂർ കണ്ടശ്ശാംകടവ് കുണ്ടുകുളം പറക്കൽ വീട്ടിൽ പോൾസൺ പി.വി.യുടെയും സ്മിത പോൾസന്റെയും മകനാണ് അൽവിൻ. ഭാര്യ ലിനി. മകൻ എയ്ഡൻ ലിയോ അൽവിൻ.
കായികക്ഷമതയും ആത്മവിശ്വാസവും അച്ചടക്കവും സ്ഥിരോത്സാഹവും ഒത്തുചേർന്നാൽ ഏത് സാഹചര്യത്തിലും ലക്ഷ്യം കൈവരിക്കാമെന്നതിന്റെ മാതൃകയാണ് അൽവിന്റെ ഈ നേട്ടം.
