വിവിധ പരിപാടികളുമായി സമഗ്ര ശിക്ഷ കേരളം പീരുമേട് ബി.ആർ.സി.
പീരുമേട്: ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം പീരുമേട് ബി.ആർ.സിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീണ്ടുനിൽക്കുന്ന വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ, കലാപരിപാടികൾ, സാമൂഹിക പങ്കാളിത്ത പ്രവർത്തനങ്ങൾ എന്നിവയാണ് സംഘടിപ്പിക്കുന്നത്.
നവംബർ 25ന് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടിയുടെ വീട്ടിൽ നടന്ന പരിപാടിയിൽ പീരുമേട് ബി.ആർ.സിയിലെ ജീവനക്കാർ, ഗവൺമെന്റ് എൽ.പി. സ്കൂൾ അഴുതയിലെ വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു. പീരുമേട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പവിത്ര മനോ ‘ഒരു കുട്ടി ഒരു ചെടി’ എന്ന ആശയം മുൻനിർത്തി കുട്ടിയോടൊപ്പം ചെടി നട്ടുകൊണ്ട് വാരാചരണത്തിന് തുടക്കം കുറിച്ചു.
ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെയും ഭിന്നശേഷി സൗഹൃദ സമൂഹത്തിന്റെയും പ്രാധാന്യം വിളിച്ചോതിക്കൊണ്ട് സി.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ ബിഗ് ക്യാൻവാസ് പരിപാടിയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, ബി.പി.സി. എം. തങ്കദുരൈ, ബി.ആർ.സി. ട്രെയിനർ ഹുസൈൻ സാദത്ത് പി.എസ്, സ്കൂളിലെ അധ്യാപകരായ രമാദേവി, ഷഹീന, ബി.ആർ.സി. സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷമീന ഇ.എസ് എന്നിവർ സംസാരിച്ചു.
വാരാചരണത്തിന്റെ ഭാഗമായി നവംബർ 27ന് പീരുമേട് ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ജനശ്രദ്ധയാകർഷിച്ചു. ഭിന്നശേഷിക്കാരുടെ കഴിവുകൾ അംഗീകരിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉൾച്ചേർക്കാനും പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയുമാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
