ദേശീയപാത 66-ൽ അപകടങ്ങളില്ലാതെ റോഡ് മുറിച്ചുകടക്കാം; രാമനാട്ടുകര-കൊടുങ്ങല്ലൂർ പാതയിൽ 22 പുതിയ നടപ്പാലങ്ങൾ; മലപ്പുറം ജില്ലയിൽ മാത്രം 14 എണ്ണം..!

➖➖➖➖➖➖➖➖➖➖➖
ദേശീയപാത 66-ൽ വർദ്ധിച്ചുവരുന്ന വാഹനത്തിരക്കിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വൻ പദ്ധതിയുമായി ദേശീയപാത അതോറിറ്റി. രാമനാട്ടുകര മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പാതയിൽ 22 പുതിയ നടപ്പാലങ്ങൾ നിർമ്മിക്കാൻ ഔദ്യോഗിക അംഗീകാരം നൽകി.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഹൈവേയിൽ അപകടങ്ങൾ ഒഴിവാക്കി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സാധിക്കും. ​അനുവദിച്ച നടപ്പാലങ്ങളിൽ 14 എണ്ണം മലപ്പുറം ജില്ലയിലും 8 എണ്ണം തൃശൂർ ജില്ലയിലുമാണ് നിർമ്മിക്കുന്നത്.

രാമനാട്ടുകര-കാപ്പിരിക്കാട്, കാപ്പിരിക്കാട്-കൊടുങ്ങല്ലൂർ സെക്ഷനുകളിലാണ് ഈ പാലങ്ങൾ ഉയരുക. ഇതിന്റെ മുന്നോടിയായി നിർദ്ദിഷ്ട സ്ഥലങ്ങൾ സന്ദർശിച്ച് ഭൂമിയുടെ അനുയോജ്യത, പ്രവേശന സൗകര്യം, റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പരിശോധിക്കാൻ മലപ്പുറം, തൃശൂർ ജില്ലാ കളക്ടർമാരോട് എൻ.എച്ച്.എ.ഐ കൊച്ചി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും പരിശോധന പൂർത്തിയാക്കുക. ​പാലങ്ങളുടെ നിർമ്മാണത്തിനായി ഭൂരിഭാഗം സ്ഥലങ്ങളിലും സ്വകാര്യ ഭൂമി ഉൾപ്പെടെ അധികമായി ഏറ്റെടുക്കേണ്ടി വരും.

സാധാരണയായി 30 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള സ്ഥലമാണ് ഒരു നടപ്പാലത്തിന് ആവശ്യമായി വരുന്നത്. എന്നാൽ പുതുപൊന്നാനിയിൽ സ്ഥല ലഭ്യതക്കുറവ് വെല്ലുവിളിയായതോടെ പ്രാദേശിക എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് 16 മീറ്ററിൽ ‘ഡോഗ് ലഗ്ഗ്ഡ് സ്റ്റെയർ’ (രണ്ടു തട്ടുകളിലായുള്ള കോണി) മാതൃകയിൽ ഡിസൈൻ മാറ്റി പാലം നിർമ്മിക്കും.

അതേസമയം, നിർമ്മാണം നേരത്തെ ആരംഭിച്ച രണ്ടത്താണിയിലെ നടപ്പാലത്തിന്റെ പണികൾ പൂർത്തിയാക്കി ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

​മലപ്പുറം ജില്ലയിൽ യൂണിവേഴ്സിറ്റി, കോഹിനൂർ, വെളിമുക്ക്, കൊളപ്പുറം, തങ്ങൾപടി, കോഴിച്ചെന, കഞ്ഞിപ്പുര, പാണ്ടികശാല, ചേട്ടൻ മൂടാൽ, ഈശ്വരമംഗലം, തെയ്യങ്ങാട്, ഉറൂബ് നഗർ, പുതുപൊന്നാനി, രണ്ടത്താണി എന്നിവിടങ്ങളിലാണ് പുതിയ നടപ്പാലങ്ങൾ വരുന്നത്.

ഭൂവുടമകളുടെ ആശങ്കകൾ പരിഹരിച്ച് സ്ഥലം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടങ്ങളും ജനപ്രതിനിധികളും പൂർണ്ണ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *