എരിയാൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ആൻഡ് കുടുംബസംഗമം 2026: ഔദ്യോഗിക പോസ്റ്റർ പ്രകാശനം നടത്തി.

ദോഹ: എരിയാൽ കമ്മ്യൂണിറ്റി ഫോറം ഖത്തർ (ECFQ) സംഘടിപ്പിക്കുന്ന എരിയാൽ പ്രീമിയർ ലീഗ് (EPL) ക്രിക്കറ്റ് ടൂർണമെന്റ് 2026 ആൻഡ് കുടുംബസംഗമത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം റേഡിയോ സുനോ ഓഫീസിൽ നടന്നു. റേഡിയോ സുനോ ആർ ജെ അശ്വതി ഔദ്യോഗിക പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

ഖത്തറിലെ എരിയാൽ നിവാസികൾക്കിടയിലെ ഐക്യവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ പ്രദേശങ്ങളിലുള്ള നാട്ടുകാരെയും അവരുടെ കുടുംബാംഗങ്ങളെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്നതിനുമായാണ് ക്രിക്കറ്റ് ടൂർണമെന്റും കുടുംബസംഗമവും സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾക്കപ്പുറം പരസ്പര ബന്ധങ്ങൾ ദൃഢമാക്കാനും പുതിയ തലമുറയ്ക്ക് സൗഹൃദം വളർത്താനുമുള്ള അവസരമായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

ടൂർണമെന്റിൽ കുളങ്ങര സ്‌ട്രൈക്കേഴ്‌സ്, ബ്ലാർക്കോടെ രംഗേഴ്സ് , ചെരങ്ങായി ഫൈറ്റേഴ്സ് , ബള്ളീർ ബ്ലാസ്റ്റേഴ്‌സ് എന്നീ നാല് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള ആവേശകരമായ പോരാട്ടങ്ങൾക്കാണ് വേദിയൊരുങ്ങുന്നത്. ക്രിക്കറ്റ് ആവേശത്തോടൊപ്പം സൗഹൃദവും ടീം സ്പിരിറ്റും നിറഞ്ഞ കായികമേള ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിവരികയാണ്.

ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ വിനോദ പരിപാടികളും സൗഹൃദ സംഗമങ്ങളും ഒരുക്കുന്നുണ്ട്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ കുടുംബസംഗമം ക്രമീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

2026 നവംബർ 19-ന് രാത്രി 10 മണി മുതൽ ഗരാഫയിലെ പെർലിങ് ഇന്റർനാഷണൽ സ്ക്കൂൾ-ൽ വെച്ചാണ് എരിയാൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റും കുടുംബസംഗമവും അരങ്ങേറുന്നത്. ഖത്തറിലുള്ള മുഴുവൻ എരിയാൽ നിവാസികളെയും കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത് ഈ സൗഹൃദ കൂട്ടായ്മയുടെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

പോസ്റ്റർ പ്രകാശന ചടങ്ങിൽ ഹാരിസ് എരിയാൽ, അബ്ദുൽ റഹിമാൻ എരിയാൽ, അൽത്താഫ് ചെരങ്കൈ, അൻവർ എരിയാൽ, സാദത്ത് കുളങ്കര, നുമാൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *