ഖത്തർ മഞ്ഞപ്പടയുടെ ഭീമൻ ട്രോഫി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സിക്ക്; ജൂനിയർ സൂപ്പർ കപ്പ് ബർവ സിറ്റി എഫ്.സിക്ക്.

ദോഹ: സീസണിലെ ആദ്യ സെവൻസ് ഫുട്ബോൾ പോരാട്ടത്തിൽ എതിരാളികളെ അട്ടിമറിച്ച് ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി ചാമ്പ്യന്മാരായി. ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ച ടൂർണമെന്റിന്റെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ സ്പേർ-ക്യൂ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) കീഴടക്കിയാണ് ഫ്രൈഡേ ഫിഫ മഞ്ചേരി ഭീമൻ ട്രോഫിയിൽ മുത്തമിട്ടത്.

ഇതോടൊപ്പം നടന്ന അണ്ടർ-14 ജൂനിയർ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ എഫ്.സി ഖത്തർ മഞ്ഞപ്പടയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ബർവ സിറ്റി എഫ്.സി കിരീടം സ്വന്തമാക്കി.

വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ നടന്ന സമാപന സമ്മേളനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മുൻ അൽ ദുഹൈൽ എസ്.സി താരവും ഖത്തർ സ്റ്റാർസ് ലീഗ് (QSL) ഇ-സ്പോർട്സ് ചാമ്പ്യനുമായ അഹമ്മദ് അൽ മെഗസീബ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഖത്തർ മഞ്ഞപ്പട ചീഫ് പേട്രനും മുൻ ഐ.എസ്.സി പ്രസിഡന്റുമായ ഡോ. മോഹൻ തോമസ് അധ്യക്ഷപ്രസംഗം നടത്തുകയും വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഖത്തർ മഞ്ഞപ്പട മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളുടെയും കാൽപന്ത് കളിയെ പ്രണയിക്കുന്ന വലിയൊരു ജനസഞ്ചയത്തിന്റെയും സാന്നിധ്യത്തിലാണ് സമാപന ചടങ്ങുകൾ നടന്നത്.

വ്യക്തിഗത അവാർഡുകൾ (സീനിയർ സെവൻസ്):
മാൻ ഓഫ് ദി ഫൈനൽ – നവാഫ് (ഫിഫ മഞ്ചേരി), ബെസ്റ്റ് ഗോൾകീപ്പർ – ഷിബിൽ (ഫിഫ മഞ്ചേരി), പ്ലെയർ ഓഫ് ദി ടൂർണമെന്റ് – തൗഫീഖ് (ഫിഫ മഞ്ചേരി), ടോപ് സ്കോറർ: നിയാസ് (എഫ്.സി ഖത്തർ മഞ്ഞപ്പട)

വ്യക്തിഗത അവാർഡുകൾ (അണ്ടർ-14 ജൂനിയർ സൂപ്പർ കപ്പ്):
ടോപ് സ്കോറർ – റിചാർഡ് (ബർവ സിറ്റി എഫ്.സി), പ്ലെയർ ഓഫ് ദി ടൂർണമെന്റ് – സിനാൻ (എഫ്.സി ഖത്തർ മഞ്ഞപ്പട), ബെസ്റ്റ് ഗോൾകീപ്പർ – അമൻ (എഫ്.സി ഖത്തർ മഞ്ഞപ്പട)

പ്രവാസി സമൂഹത്തിന്റെ കായികക്ഷമതയും ഫുട്ബോൾ ആവേശവും വാനോളം ഉയർത്തിക്കാട്ടിയാണ് ഖത്തർ മഞ്ഞപ്പടയുടെ ടൂർണമെന്റിന് തിരശ്ശീല വീണത്.

Leave a Reply

Your email address will not be published. Required fields are marked *