ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാരകരാർ വൈകാതെ സാധ്യമാകുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. വൈകാതെ ഇരുരാജ്യങ്ങൾക്കും നീതിയുക്തമായ കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഗോയൽ കൂട്ടിച്ചേർത്തു.”അമേരിക്കയുമായി ഇന്ത്യ ചർച്ച തുടരുകയാണ്. ഇന്ത്യൻ പ്രതിനിധികൾ ചർച്ചയുടെ അന്തിമഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. അടുത്തിടെ വാണിജ്യ സെക്രട്ടറി അമേരിക്ക സന്ദർശിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.’-ഗോയൽ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം ഉയർന്ന ചുങ്കം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ-യുഎസ് വ്യാപാര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചുമത്തിയ 25 ശതമാനം അധികതീരുവ ഉൾപ്പെടെയാണിത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം, 2024-25 കാലയളവിൽ 86.5 ബില്യൺ ഡോളറിന്റെ കയറ്റുമതി ഉൾപ്പെടെ 131.84 ബില്യൺ ഡോളറിന്റെ വ്യാപാരം ഇരുരാജ്യങ്ങളും തമ്മിൽ നടന്നിരുന്നു. തുടർച്ചയായ നാലാം വർഷവും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് നിലനിൽക്കുന്നു.
ഇന്ത്യ-യുഎസ് വ്യാപാരകരാർ വൈകാതെ ഒപ്പുവയ്ക്കും: പിയൂഷ് ഗോയൽ
