പീരുമേട്: പീരുമേട് വില്ലേജിലെ പട്ടയ ഉടമകളുടെ ഭൂമി തങ്ങളുടേതാണെന്ന് പോലീസ് ബറ്റാലിയൻ കെഎപിയുടെ അവകാശവാദം ജനദ്രോഹപരം. ഭൂമി സംബന്ധിച്ച് പലതവണ ഇവര്‍ ഇടുക്കി ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഓരോ തവണ പരാതി നല്‍കുമ്പോഴും പട്ടയം ലഭിച്ച് തങ്ങളുടെ കൈവശത്തിലും ഉടമസ്ഥതയിലുമുള്ള ഭൂമിയുടെ രേഖകളുമായി ഉദ്യോഗസ്ഥരുടെ മുമ്പില്‍ എത്തേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ പീരുമേട്ടിലെ ഭൂവുടമകളെ നിരന്തരം ബുദ്ധിമുട്ടിക്കുകയെന്ന നിലപാടാണ് പോലീസും അവരോടുചേര്‍ന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കൈക്കൊണ്ടിട്ടുള്ളത്.തര്‍ക്കത്തിലുള്ള ഭൂമിയാണെന്ന് പറഞ്ഞ് പുതിയ പെർമിറ്റുകൾ, എൻ.ഒ.സി, കരം അടവ് എന്നിവ നിഷേധിക്കുകയാണ്. പോലീസ് ബറ്റാലിയൻ കെഎപിയുടെ 40 ഏക്കർ ഭൂമിയിൽ ഈ പട്ടയഭൂമികള്‍ ഉള്‍പ്പെടുമെന്നാണ് പോലീസിന്റെ അവകാശവാദം. ഇത് തികച്ചും തെറ്റാണെന്ന് പീരുമേട് ലാൻഡ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിയമപ്രകാരം നല്‍കിയ പട്ടയ ഭൂമി കര്‍ഷകരില്‍ നിന്നും തട്ടിയെടുക്കുവാനുള്ള ഗൂഡനീക്കമാണ് ഇതിനുപിന്നിലെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍വ്വേ നമ്പര്‍ 1131 ൽപ്പെട്ട പട്ടയഭൂമിയില്‍ പോലീസ് ബറ്റാലിയൻ ഉന്നയിക്കുന്ന അവകാശവാദം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ നല്‍കിയ പട്ടയങ്ങളുടേയും റവന്യൂ രേഖകളുടെയും ആധികാരികതതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സർക്കാർ അധികാരികൾ ഒപ്പിട്ട് മുദ്ര പതിപ്പിച്ച സാധുവായ പട്ടയം, ബിൽഡിംഗ് പെർമിറ്റുകൾ മുതലായവ ഭൂവുടമകളുടെ പക്കൽ ഉണ്ട്. എന്നാൽ അവകാശവാദം ഉന്നയിക്കുന്ന പോലീസിന് സാധുവായ ഒരു രേഖ പോലും ഹാജരാക്കുവാന്‍ കഴിഞ്ഞിട്ടില്ല. പോലീസിന്റെ ഈ കയ്യേറ്റം കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് പീരുമേട്ടില്‍ പുതിയ കയ്യേറ്റ വിവാദങ്ങളുമായാണ് റവന്യൂ വകുപ്പ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.പട്ടയം ലഭിച്ച ഭൂമി ഇതിനോടകം പലതവണ കൈമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞു. നിലവിലുള്ള ഉടമകൾ വർഷങ്ങളായി ഇവിടെ താമസിച്ചുവരികയാണ്. തങ്ങളുടെ ആജീവനാന്ത സമ്പാദ്യം ഈ വസ്‌തുക്കളിൽ നിക്ഷേപിക്കുകയും ഭൂനികുതിയും കെട്ടിട നികുതിയും അടച്ചുവരികയുമാണ്. പോലീസിന്റെ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സ്വന്തം ഭൂമി വിൽക്കുവാനോ വായ്പ എടുക്കുവാനോ ആര്‍ക്കും കഴിയുന്നില്ല. ഇതുമൂലം മക്കളുടെ വിവാഹവും വിദ്യാഭ്യാസവുമൊക്കെ മുടങ്ങി. പട്ടയ ഉടമകളുടെ വസ്‌തുക്കളും ബറ്റാലിയന്റെ വസ്തുവും വ്യക്തമായ അതിരുകളോടെ വേർതിരിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴാണ് സമീപത്തുള്ള പട്ടയ വസ്തുക്കളില്‍ പോലീസ് അവകാശം ഉന്നയിക്കുന്നത്. ഇത് സംഘടിതമായ കയ്യേറ്റശ്രമമാണെന്നും പീരുമേട് ലാൻഡ് ഓണേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി.ഭൂവുടമകളെയോ അവരുടെ കൈവശാവകാശത്തെയോ ഒരു തരത്തിലും ബാധിക്കാതെ ഈ തെറ്റുകൾ ഉദ്യോഗസ്ഥര്‍ക്ക് തിരുത്താവുന്നതാണ്. നാളിതുവരെ നാല് തവണ ആവശ്യപ്പെട്ട എല്ലാ രേഖകളും മുൻ കളക്ടർ, സബ് കളക്ടർ, താലൂക്ക് സർവേയർ തുടങ്ങി വിവിധ അധികാരികൾക്ക് നല്‍കിയിട്ടുണ്ട്. എന്നാൽ പീരുമേട് താലൂക്കിലെ ഭൂപ്രശ്നം ഒരിക്കലും പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന നിക്ഷിപ്ത താത്പര്യക്കാർ റവന്യു, വനം, പോലീസ് വകുപ്പുകളിലുണ്ട്. റവന്യു വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ് ഈ ഗൂഢ സംഘം പ്രവർത്തിക്കുന്നതെന്നും സൂചനയുണ്ട്. സർവ്വേ നമ്പറിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അവ തിരുത്തി യഥാർത്ഥ അവകാശികൾക്ക് നൽകണമെന്നും ജനദ്രോഹ നടപടികളിൽ നിന്ന് അധികാരികൾ പിൻമാറണമെന്നും ലാൻഡ് ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പീരുമേട്ടിലെ റവന്യൂ വകുപ്പിന്റെ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് പീരുമേട് ലാൻഡ് ഓണേഴ്‌സ് അസോസിയേഷൻ
