ബിസിനസ് ഇനി സ്മാർട്ട്; ‘ബിസിനസ് ഓട്ടോമേഷൻ ഹാക്കത്തോൺ’ കൊച്ചിയിൽ വിജയകരമായി പൂർത്തിയായി

കൊച്ചിയിൽ നടന്ന ബിസിനസ് ഓട്ടോമേഷൻ ഹാക്കത്തോണിൽ പങ്കെടുത്തവർ

കൊച്ചി: കേരളത്തിലെ സംരംഭങ്ങളെ ആധുനിക സാങ്കേതികവിദ്യകളിലൂടെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഐബാർക്കും ഇന്റഗ്രേറ്റഡ് ബിസിനസ്സ് ഓട്ടോമേഷൻ സെന്റർ ഡെയിലി സ്കിൽസും ചേർന്ന് സംഘടിപ്പിച്ച ‘ബിസിനസ് ഓട്ടോമേഷൻ ഹാക്കത്തോൺ’ കൊച്ചി പാലാരിവട്ടത്തെ മൺസൂൺ എംപ്രസിൽ നടന്നു. കേരളത്തിൽ ആദ്യമായി ബിസിനസ് ഓട്ടോമേഷൻ മുൻനിർത്തി സംഘടിപ്പിച്ച ഈ വേറിട്ട ഹാക്കത്തോണിന് ഓട്ടോമേഷൻ എക്സ്പേർട്ടും മുൻ ഇന്ത്യൻ നാവികസേനാ ടെക്നിക്കൽ ഓഫീസറുമായ സുബിലാൽ കെ. നേതൃത്വം നൽകി.സംരംഭകരെ നൂതന സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയിൽ 30 ബിസിനസുകളെ ലൈവായി ഓട്ടോമേറ്റ് ചെയ്യുകയും 10 പുതിയ സ്റ്റാർട്ടപ്പുകൾക്ക് ലോഞ്ച് അവസരം ഒരുക്കുകയും ചെയ്തു. പരമ്പരാഗത രീതിയിലുള്ള തിയറി ക്ലാസുകൾക്ക് പകരം സംരംഭകർക്ക് സ്വന്തം ബിസിനസിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള ഓട്ടോമേഷൻ സംവിധാനങ്ങൾ നേരിട്ട് രൂപകൽപ്പന ചെയ്യാനും പരീക്ഷിക്കാനുമുള്ള പ്രായോഗിക പരിശീലനമാണ് ഇതിലൂടെ നൽകിയത്.‘‘കേരളത്തിലെ ബിസിനസ് സംരംഭകരെ അഡ്വാൻസ്ഡ് സ്കില്ലുകൾ പരിചയപ്പെടുത്തി, ഏകദിന ഹാക്കത്തോണിലൂടെ ടെക്നോളജിയുടെ സഹായത്തോടെ ഗ്ലോബൽ തലത്തിലേക്ക് വളർത്തുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സംരംഭകർ നേരിടുന്ന പല വെല്ലുവിളികൾക്കുമുള്ള പ്രധാന സൊല്യൂഷനായി ഇന്ന് ടെക്നോളജി മാറുകയാണ്. അതിനായി അവരെ പ്രാപ്തരാക്കുകയാണ് ഈ ഹാക്കത്തോണിലൂടെ ചെയ്യുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം ബിസിനസുകൾ ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് ഞങ്ങളുടെ ഗോൾ. ഇതിലൂടെ ധാരാളം അവസരങ്ങൾ കേരളത്തിൽ ഉണ്ടാകും. ജോലി തേടി പുറത്തുപോകുന്ന നമ്മുടെ കുട്ടികളെ ഇവിടെത്തന്നെ തുടരാൻ പ്രാപ്തരാക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. അതിലൂടെ കേരളത്തിന്റെ സാമ്പത്തികരംഗം കൂടുതൽ ശക്തമാക്കാൻ ഇതിലൂടെ സാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് അവസരം നൽകിക്കൊണ്ട് ഇത്തരം ഹാക്കത്തോണുകൾ സംഘടിപ്പിക്കും,’’ എന്ന് സുബിലാൽ കെ. വ്യക്തമാക്കി.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ബിസിനസ് പ്രവർത്തനങ്ങളിലെ സമയവും ചെലവും കുറയ്ക്കാനും, ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും, ആവർത്തന സ്വഭാവമുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും ഹാക്കത്തോൺ സംരംഭകരെ സഹായിച്ചു. കേരളത്തിലെ ബിസിനസുകളെ കൂടുതൽ കാര്യക്ഷമമാക്കി ആഗോള വിപണിയിലേക്ക് നയിക്കുന്നതിൽ നിർണായക ചുവടുവെപ്പായി ഈ പരിപാടി മാറി.

Leave a Reply

Your email address will not be published. Required fields are marked *