വൈക്കം: തലയോലപ്പറമ്പ് പഞ്ചായത്തിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് കഞ്ചിക്കോടുള്ള ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ ജീവനക്കാര്‍ പോയത് ആംബുലന്‍സിലെന്ന് പരാതി. വ്യാഴാഴ്ച രാവിലെയാണ് പഞ്ചായത്തിലെ യുഡി ക്ലര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റന്റും ഡ്രൈവറും ആംബുലന്‍സില്‍ സ്റ്റേഷനറി സാധനങ്ങള്‍ എടുക്കാന്‍ പോയത്. ആംബുലന്‍സില്‍ ജീവനക്കാര്‍ എത്തിയതോടെ കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സംഭവം ചോദ്യം ചെയ്തു. തുടര്‍ന്ന് കോട്ടയം എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടറെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വ്യാഴാഴ്ച വൈകീട്ട് തലയോലപ്പറമ്പില്‍ എത്തിച്ച സാധനസാമഗ്രികള്‍ പഞ്ചായത്തിലെ ജീവനക്കാര്‍ ചേര്‍ന്നാണ് ഇറക്കിയത്. തലയോലപ്പറമ്പ് പഞ്ചായത്തിലെയും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെയും രോഗികള്‍ക്ക് വേണ്ടി സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ആംബുലന്‍സ് പഞ്ചായത്തിന് സംഭാവനയായി നല്‍കിയത്. ചട്ടംലംഘിച്ചാണ് 170 കിലോമീറ്റര്‍ അകലെയുള്ള കഞ്ചിക്കോട്ടെ ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ പോയി ആംബുലന്‍സില്‍ സ്‌റ്റേഷനറി സാധനങ്ങള്‍ കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും അനുമതിയില്ലാതെ ആംബുലന്‍സ് ഇങ്ങനെ ഒരു ആവശ്യത്തിന് കൊണ്ടുപോകാന്‍ താത്കാലിക ഡ്രൈവര്‍ക്കു കഴിയില്ലെന്നും നടപടി ഉണ്ടാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുമ്പും നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിന്റെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *