ഗുരൂവായൂർ നഗരസഭയിലേക്ക് യുവമോർച്ച മാർച്ച്; സംഘർഷം: നേതാക്കൾ അറസ്റ്റിൽ

യൂസഫ് അരിയന്നൂർ​

ഗുരുവായൂർ: നഗരസഭാ സെക്രട്ടറിക്ക് നേരെ വധഭീഷണി മുഴക്കിയ സി.പി.എം കൗൺസിലർമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഗുരുവായൂർ നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.​യുവമോർച്ച ജില്ലാ പ്രസിഡന്റ് കാളിദാസ്, ജില്ലാ സെക്രട്ടറിമാരായ യദു കൃഷ്ണൻ, അജിത്ത്, മണ്ഡലം പ്രസിഡന്റ് ഗൗതം രവി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. നഗരസഭ സെക്രട്ടറിക്ക് നേരെ ഭീഷണി ഉയർത്തിയ ഭരണപക്ഷ കൗൺസിലർമാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും, ക്രിമിനൽ പശ്ചാത്തലമുള്ള ജനപ്രതിനിധികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.​ഓഫീസിന് മുന്നിൽ പോലീസ് തീർത്ത ബാരിക്കേഡ് മറികടന്ന് അകത്തേക്ക് പ്രവേശിക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടാവുകയും പോലീസ് ഇടപെട്ട് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *