അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ഐ ബാങ്ക് അസോസിയേഷൻ കേരളയും സംയുക്തമായി സംഘടിപ്പിച്ച 41-ാമത് ദേശീയ നേത്രദാന പക്ഷാചരണ സമാപന സമ്മേളനം പ്രശസ്ത നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു.
കാഴ്ചയുള്ള നമ്മൾ ഏറെ ഭാഗ്യവാന്മാരാണെന്നും കാഴ്ചയില്ലാത്തവർക്ക് വെളിച്ചം നൽകുന്ന വലിയൊരു ആതുരാലയമാണ് ലിറ്റിൽ ഫ്ലവർ ആശുപത്രിയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സിനിമകളിലും മാധ്യമങ്ങളിലും അവയവദാനത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും, സത്യാവസ്ഥ തിരിച്ചറിഞ്ഞ് നിരവധി ആളുകൾ നേത്രദാനത്തിനും അവയവദാനത്തിനുമായി മുന്നോട്ട് വരുന്നത് പ്രത്യാശ നൽകുന്ന കാര്യമാണ്. ഐ ബാങ്ക് അസോസിയേഷൻ കേരള കഴിഞ്ഞ ഒരു വർഷം മാത്രം 1600-ലധികം ആളുകളിൽ നിന്ന് കണ്ണുകൾ സ്വീകരിക്കുകയും അത്രയും പേർക്ക് കോർണിയൽ ട്രാൻസ്പ്ലാന്റേഷനിലൂടെ കാഴ്ച തിരിച്ചുനൽകുകയും ചെയ്തു എന്നറിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിറ്റിൽ ഫ്ലവർ ആശുപത്രി ജോയിന്റ് ഡയറക്ടറും ഐ ബാങ്ക് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറിയുമായ ഫാ. വർഗീസ് പൊന്തേമ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള സർക്കാരിന്റെ ‘കെസോട്ടോ’യുടെ (K-SOTTO) മികച്ച നേത്രബാങ്കിനുള്ള അംഗീകാരവും, ഏറ്റവും കൂടുതൽ നേത്രപടലം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിനുള്ള പുരസ്കാരവും ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും ഐ ബാങ്ക് അസോസിയേഷനും ലഭിച്ചതിനെക്കുറിച്ച് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ പരാമർശിച്ചു. പ്രിയപ്പെട്ടവരുടെ വിയോഗവേളയിലും നേത്രദാനത്തിനായി സന്മനസ്സോടെ മുന്നോട്ടുവരുന്ന ഒട്ടനവധി കുടുംബങ്ങളുടെ പിന്തുണയാണ് ഈ വലിയ നേട്ടങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
അവയവദാന രംഗത്ത് മാതൃകാപരമായ പങ്കുവഹിച്ച, നമ്മിൽ നിന്നും വേർപിരിഞ്ഞപ്പോഴും 7 പേർക്ക് ജീവനും വെളിച്ചവുമായ അവയവദാതാവ് ജുവിൻ രാജുവിന്റെ കുടുംബത്തെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ജുവിൻ രാജുവിന്റെ അമ്മ, ബീന രാജു, ഐ ബാങ്ക് അസോസിയേഷൻ കേരളയുടെ നേത്ര ബാങ്ക് വോളണ്ടിയറായി വർഷങ്ങളായി പ്രവർത്തിച്ചുവരികയാണ്.
ഐ ബാങ്ക് അസോസിയേഷൻ കേരള മെഡിക്കൽ ഡയറക്ടർ ഡോ. അനീറ്റ ജബ്ബാർ സ്വാഗതമാശംസിച്ചു. അങ്കമാലി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. എം. സലിം, ഐ ബാങ്ക് അസോസിയേഷൻ കേരള വൈസ് പ്രസിഡന്റ് ഡോ. സി. വി. ആൻഡ്രൂസ്, കൺവീനർ അഡ്വ. ജോയ് പി. എഫ്, നേത്ര ബാങ്ക് വോളണ്ടിയർ ജെസ്റ്റോ പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ വിഭാഗങ്ങളിലെ അവാർഡ് പ്രഖ്യാപനങ്ങൾ ഐ ബാങ്ക് അസോസിയേഷൻ കേരള സീനിയർ മാനേജർ സിജോ ജോസ്, ഓപ്പറേഷൻസ് മാനേജർ ജയേഷ് സി. പാറക്കൽ എന്നിവർ നിർവ്വഹിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം നേത്രദാന പ്രവർത്തനങ്ങളിൽ ഐ ബാങ്ക് അസോസിയേഷൻ കേരളയോടൊപ്പം ചേർന്നുനിന്ന് തങ്ങളുടെ പ്രദേശങ്ങളിൽ നേത്രദാനങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകിയ ഇരുനൂറോളം വോളണ്ടിയർമാരെയും സന്നദ്ധ സംഘടനകളെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. വോളണ്ടിയർമാരുടെ നിസ്വാർത്ഥമായ കൂട്ടായ്മയും പ്രവർത്തനവുമാണ് ഐ ബാങ്ക് അസോസിയേഷൻ കേരളയ്ക്ക് ഇത്രയധികം നേത്രപടലങ്ങൾ ശേഖരിക്കുന്നതിന് പ്രധാന സഹായമാകുന്നത്.
ഐ ബാങ്ക് അസോസിയേഷൻ കേരള വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ആന്റണി കൃതജ്ഞത രേഖപ്പെടുത്തി.
രണ്ടാഴ്ചക്കാലം നീണ്ടുനിന്ന പക്ഷാചരണത്തോടനുബന്ധിച്ച് വിപുലമായ ബോധവൽക്കരണ റാലികളും വിവിധ കർമ്മപരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലിംസാർ (LIMSAR) ഒപ്റ്റോമെട്രി ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾ അവതരിപ്പിച്ച നേത്രദാന സന്ദേശമുയർത്തിയ ഫ്ലാഷ് മോബും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
