കുട്ടിക്കാനത്ത് സുരക്ഷാവേലിയില്ലാതെ ട്രാൻസ്ഫോർമർ

കാൽനടയാത്രികരും വിനോദസഞ്ചാരികളും അപകടഭീതിയിൽ

പീരുമേട്: ദേശീയപാത 183-ൽ കുട്ടിക്കാനം ടൗണിന് സമീപം സുരക്ഷാവേലിയില്ലാതെ നിലകൊള്ളുന്ന കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമർ വലിയ അപകടഭീഷണി ഉയർത്തുന്നു. നിലവിൽ ഈ ട്രാൻസ്ഫോർമറിന് ചുറ്റും കാടുപടലങ്ങൾ വളർന്നു പന്തലിച്ച നിലയിലാണ്. മഴ ശക്തമായതോടെ വള്ളിപ്പടർപ്പുകൾ ഹൈവോട്ടേജ് കേബിളുകളിലേക്ക് പടർന്നുകയറുന്നത് വൻ ദുരന്തത്തിന് വഴിവെച്ചേക്കാമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
ദേശീയപാതയോരത്തായതിനാൽ നിരവധി കാൽനടയാത്രികരാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. കാലവർഷം കനത്തതോടെ റോഡരികിലൂടെയുള്ള യാത്ര അതീവ അപകടകരമായി മാറിയിരിക്കുകയാണ്.
കുട്ടിക്കാനത്തെത്തുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും രാത്രികാലങ്ങളിലടക്കം വാഹനങ്ങൾ നിർത്തി വിശ്രമിക്കുന്നത് ഈ ഭാഗത്താണ്. മൂടൽമഞ്ഞും കനത്ത മഴയുമുള്ള സമയങ്ങളിൽ റോഡരികിലെ ട്രാൻസ്ഫോർമർ പെട്ടെന്ന് ദൃശ്യമാകാത്തതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
അപകടഭീഷണിക്ക് ഉടനടി പരിഹാരം കണ്ട്, ട്രാൻസ്ഫോർമറിന് ചുറ്റുമുള്ള കാടുകൾ വെട്ടിമാറ്റി സംരക്ഷണവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം. കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *