തിരുവനന്തപുരം: ശ്രീനാരായണ ഗുരു, അയ്യങ്കാളി, ഡോ. പൽപ്പു തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾക്കൊപ്പം പ്രവർത്തിച്ച നവോത്ഥാന നായകനായിരുന്നു പണ്ഡിറ്റ് കറുപ്പനെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സമൂഹം എന്നും പണ്ഡിറ്റ് കറുപ്പനെ ഓർത്തിരിക്കണമെന്നും പുതിയ തലമുറ അദ്ദേഹത്തെക്കുറിച്ച് പഠിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന-അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിക്കുമ്മി എന്ന കവിതയിലൂടെ സമൂഹത്തിലെ തിന്മകൾക്കെതിരെ തൂലിക പടവാളാക്കിയ സാമൂഹ്യ പരിഷ്കർത്താവാണ് പണ്ഡിറ്റ് കറുപ്പനെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര വകുപ്പ് മന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ ഐ.പി.എസ്. അവാർഡുകൾ വിതരണം ചെയ്തു. പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്തൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ധീവരസഭ സീനിയർ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, സി.പി.എം. ചാല ഏരിയാ കമ്മിറ്റി സെക്രട്ടറി ജയിൽകുമാർ, സി.പി.ഐ. നേമം മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയൻ, നഗരസഭ കൗൺസിലർമാരായ എസ്.എസ്. ശ്രുതി, നീറമൺകര ഹരി, ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി. ബൈജു, ജില്ലാ സെക്രട്ടറി കാലടി സുഗതൻ, സാംസ്കാരിക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. സുരേഷ് കുമാർ, ധീവര മഹിളാ സഭ ജില്ലാ പ്രസിഡന്റ് ശാന്തി ശിശുപാലൻ എന്നിവർ സംസാരിച്ചു.
സാംസ്കാരിക സമിതി ജില്ലാ സെക്രട്ടറി എം.ആർ. മോഹനൻ സ്വാഗതവും ധീവരസഭ കല്ലടിമുഖം കരയോഗം സെക്രട്ടറി ആർ. സുഗതൻ നന്ദിയും രേഖപ്പെടുത്തി.

