കെ.എസ്.ആർ.ടി.സി സർവ്വീസുകൾ കുറച്ചു; രാത്രികാല യാത്ര ദുരിതത്തിൽ

കടുത്തുരുത്തി : കെ എസ് ആർ ടി സി ബസ് സർവ്വീസുകൾ ചുരുക്കിയതിനാൽ യാത്രക്കാർ ദുരിതത്തിൽ. കോട്ടയം – എറണാകുളം റൂട്ടിൽ രാത്രികാല യാത്ര ചെയ്യുന്ന യാത്രക്കാരാണ് കൂടുതലും ബസ് കിട്ടാതെ പെരുവഴിയിൽ നിന്ന് ബുദ്ധിമുട്ടുന്നത്.ഏറ്റുമാനൂരിൽ എറണാകുളം – വൈക്കം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും തൃപ്പൂണിത്തുറയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരുമാണ് ബസ് കിട്ടാതെ മണിക്കൂറുകളോളം റോഡിൽ നിൽക്കേണ്ടി വരുന്നത്. കോട്ടയത്തു നിന്നും ഒൻപത് മണിക്ക് മുൻപ് എറണാകുളം ബസ് പോയാൽ പിന്നെ 11.30 നാണ് അടുത്ത ബസ് ഉള്ളത്. ഈ ബസും ചിലപ്പോൾ വളരെവൈകിയാവും എത്തുന്നത്. ചിലപ്പോൾ ഈ ബസ് ഇല്ലാതെയും വരും. 10.30 ന് കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് പോകേണ്ട ബസ് നിർത്തലാക്കി. ഇരുട്ടായി കഴിഞ്ഞാൽ ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ്സ്റ്റാന്റിൽ വാഹനങ്ങൾ കയറാത്തതിനാൽ യാത്രക്കാർ സ്റ്റാന്റിന് വെളിയിൽ റോഡിൽ നിൽക്കേണ്ട അവസ്ഥയാണ്. കേരളത്തിൽ രാത്രിയിൽ ബസ് കയറാത്ത ഏക ബസ്സ്റ്റാന്റാണ് ഏറ്റുമാനൂരിലേത്. ഇവിടം രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ കേന്ദമായി മാറുകയാണ്. തൃപ്പൂണിത്തുറയിലും കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ ബസ്റ്റാന്റിൽ കയറാത്തതിനാൽ രാത്രിയിൽ യാത്രക്കാർ പെരുവഴിയിൽ ബസ് നോക്കി മണിക്കൂറുകളോളം നിൽക്കേണ്ട അവസ്ഥയാണ്.യാത്രക്കാർ രാത്രികാലങ്ങളിൽ യാത്രക്കായി ആശ്രയിക്കുന്ന കെ എസ് ആർ ടി സി ബസുകൾ ട്രിപ്പുകൾ മുടക്കിയതോടെ യാത്രക്കാർ വലിയ ദുരിതത്തിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *