എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കം പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നവംബർ 26നകം കുറ്റപത്രം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
2016ൽ വിജിലൻസ് അന്വേഷണം ആരംഭിച്ച മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ, എം.എൻ.സോമൻ അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് നീണ്ടുപോയതിനെ തുടർന്ന് 2024ൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
സമുദായത്തിലെ ദുർബല വിഭാഗങ്ങൾക്ക് 5 ശതമാനം പലിശയ്ക്കു വായ്പ നൽകുന്ന മൈക്രോഫിനാൻസ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് കാട്ടി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നൽകിയ പരാതിയിലുള്ള കേസാണിത്. 2016ലാണ് വി.എസ്.അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് SNDP കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് അച്യുതാനന്ദന്‍ ആരോപിച്ചത്.
