വിഴിഞ്ഞം: വിഴിഞ്ഞത്തെ രാഷ്ട്രീയ, സാമൂഹിക മേഖലയിൽ നിറഞ്ഞ് നിന്നിരുന്ന ഷാജഹാനെ സിപിഐ എം അനുസ്മരിച്ചു. സിപിഐ എം ടൗൺഷിപ്പ് ബ്രാഞ്ച് അംഗം, തെക്കുംഭാഗം ജമാഅത്ത് കമ്മിറ്റി അംഗം, സിഐടിയു വിഴിഞ്ഞം മേഖല കമ്മിറ്റി അംഗം,
മത്സ്യതൊഴിലാളി യൂണിയൻ ഏരിയ ജോയിൻ്റ് സെക്രട്ടറി, ടെൻ സ്റ്റാർ സ്പോർട്സ് ക്ലബിൻ്റെ രക്ഷാധികാരി, കേരള മുസ്ലിം ജമാഅത്ത് ടൗൺഷിപ്പ് യൂണിറ്റ് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എൻ ഷാജഹാൻ (56) ൻ്റെ അനുസ്മരണമാണ് സംഘടിപ്പിച്ചത്.
ജനങ്ങളുടെ ആവശ്യങ്ങൾക്ക് എപ്പോഴും മുൻപന്തിയിൽ നിന്ന വ്യക്തിയാണ് ഷാജഹാനെന്ന് അനുസ്മരിച്ചു. പ്രായവ്യത്യാസമില്ലാതെ വലിയൊരു സുഹൃത്ത് വലയം സൃഷ്ടിച്ച വ്യക്തിയാണ്. നാട്ടുകാരുടെ ചെറുതും വലുതുമായ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ നിരന്തരം ഇടപെട്ടിരുന്നതായി യോഗത്തിൽ അനുസ്മരിച്ചു. അത്തരത്തിൽ ഒരു വ്യക്തിയുടെ വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കാഞ്ഞിരംകുളത്തെ വാട്ടർ അതോറിറ്റി ഓഫീസിൽ എത്തിയപ്പോഴാണ് ഷാജഹാൻ കുഴഞ്ഞ് വീണ് മരണപ്പെട്ടത്.
വിഴിഞ്ഞം ടൗൺഷിപ്പിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സിപിഐഎം വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു സുധീർ അധ്യക്ഷനായിരുന്നു. ടൗൺഷിപ്പ് ബ്രാഞ്ച് സെക്രട്ടറി കബീർഖാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എസ് ഹരികുമാർ, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മുജീബ് റഹ്മാൻ, ബിജെപി ഏരിയ പ്രസിഡൻ്റ് അമ്പാടി ബിജു, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് റസാഖ് സാഹിബ്, പികെഎസ് സംസ്ഥാന സെക്രട്ടറി വണ്ടിത്തടം മധു, കേരള മുസ്ലിം ജമാഅത്ത് ടൗൺഷിപ്പ് യൂണിറ്റ് പ്രസിഡണ്ട് നാസർ സഖാഫി, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി അനൂപ്, പിഡിപി മണ്ഡലം പ്രസിഡണ്ട് പി അബ്ദുൽ മജീദ്, ഹാർബർ വാർഡ് കൗൺസിലർ അഫ്സ സജീന എന്നിവർ സംസാരിച്ചു.
ഫോട്ടോ: വിഴിഞ്ഞം ടൗൺഷിപ്പിൽ സംഘടിപ്പിച്ച ഷാജഹാൻ അനുസ്മരണം സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു.
