ദീപാവലിക്ക് പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്താൽ പണികിട്ടും! രൂപ പിഴയും മൂന്ന് വർഷം തടവും; പരിശോധന ശക്തമാക്കി റെയിൽവേ

പാലക്കാട്: ദീപാവലി ആഘോഷങ്ങൾക്കായി ട്രെയിനിൽ പടക്കങ്ങൾ കൊണ്ടുപോകാൻ പദ്ധതിയിടുന്നവർക്ക് മുന്നറിയിപ്പുമായി റെയിൽവേ. തീവണ്ടികളിൽ പടക്കങ്ങളും തീപിടിക്കാൻ സാധ്യതയുള്ള മറ്റ് വസ്തുക്കളും കൊണ്ടുപോകുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ദീപാവലിക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗം പടക്കങ്ങൾ എത്തിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്.പടക്കങ്ങൾക്ക് പുറമെ തീപിടിക്കാൻ സാധ്യതയുള്ള നിരവധി വസ്തുക്കൾക്കും തീവണ്ടികളിൽ വിലക്കുണ്ട്. ഗ്യാസ് സിലിണ്ടറുകൾ, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, സ്റ്റൗ, തീപ്പെട്ടി, സിഗരറ്റ് ലൈറ്റർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്. കുറ്റം തെളിഞ്ഞാൽ 1,000 രൂപ വരെ പിഴയോ മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

ദീപാവലി കാലത്തെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷനിൽ പരിശോധന ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ട്രെയിനുകൾക്കുള്ളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധനയുണ്ടാകും. റെയിൽവേ സുരക്ഷാസേന (ആർപിഎഫ്), റെയിൽവേ പൊലീസ്, ടിക്കറ്റ് പരിശോധകർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിശോധനകൾ നടത്തുക.

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം വസ്തുക്കൾ ട്രെയിനുകളിൽ കൊണ്ടുപോകുന്നത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കാമെന്നതിനാൽ എല്ലാവരും നിയമങ്ങൾ പാലിക്കണമെന്നും റെയിൽവേ നിർദേശിച്ചു. ട്രെയിനുകളിലോ സ്റ്റേഷനുകളിലോ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേയുടെ സഹായ നമ്പറായ 139-ൽ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നവർ സൂക്ഷിക്കുക; അപകടമുണ്ടായാൽ നഷ്ടപരിഹാരമില്ല; ട്രൈബ്യൂണലിന്റെ നിർണായക ഉത്തരവ്

കൊച്ചി: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍. റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

അതുകൊണ്ടുതന്നെ ട്രാക്ക് മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍ പറഞ്ഞു. മാവേലിക്കര റെയില്‍വെ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ അപേക്ഷ തള്ളിയാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

കൊല്ലം-എറണാകുളം മെമുവില്‍ യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് പരിക്ക് പറ്റിയെന്നും നഷ്ടപരിഹാരം വേണമെന്നും പറഞ്ഞായിരുന്നു തോമസ് ട്രൈബ്യൂണലിനെ സമീപിച്ചത്.

അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സ തേടിയെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു തോമസിന്റെ ആവശ്യം. എന്നാല്‍ തെളിവുകള്‍ സഹിതം തോമസിന്റെ വാദം റെയില്‍വെ തള്ളി.

ഫ്‌ളാറ്റ്‌ഫോമുകളിലേക്ക് പോകുന്നതിന് ഫുട് ഓവര്‍ ബ്രിഡ്ജ് ഉണ്ടെന്നിരിക്കെ അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്ന് റെയില്‍വെ വാദിച്ചു.

ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ എന്നും റെയില്‍വെ പറഞ്ഞു. ഇത് പരിഗണിച്ച ട്രൈബ്യൂണല്‍, സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലം അപകടം പറ്റുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *