പൂമ്പാറ്റകളുടെ വിസ്മയ ലോകം തീർത്ത് കിലുക്കി ചെടി

രാവിലെ മുതൽ സന്ധ്യവരെ  കൗതുകക്കാഴ്ചയായി പീരുമേട്ടിലെ വീട്ടുമുറ്റം

പീരുമേട് :

ഒരു സാധാരണ ചെടി… പക്ഷേ അതിനു ചുറ്റും തീരാത്ത വർണ്ണവിസ്മയം! രാവിലെ ആറുമണി മുതൽ സന്ധ്യവരെ വിവിധ വർണങ്ങളിലുള്ള പൂമ്പാറ്റകൾ കൂട്ടമായെത്തി വട്ടമിട്ടു പറക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയാവുകയാണ് പീരുമേട് തോട്ടാപുരയിലെ കണ്ടൻ തോട്മോളിസൺ–ശാന്തമ്മ ദമ്പതികളുടെ വീടിന്റെ മുറ്റം.

വീട്ടുമുറ്റത്ത് വളർന്നുനിൽക്കുന്ന കിലുക്കിച്ചെടിയാണ് ഈ പൂമ്പാറ്റകളുടെ പ്രധാന ആകർഷണം. പൂക്കളേക്കാൾ പൂമ്പാറ്റകളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഈ ചെടി വീട്ടുകാരെയും ഇതുവഴി കടന്നുപോകുന്ന യാത്രക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നു. പ്രധാനമായും മൂന്ന് ഇനത്തിലുള്ള പൂമ്പാറ്റകളെയാണ് ദിവസവും ഇവിടെ കാണുന്നത്. ഇതുവരെ ഏഴ് വ്യത്യസ്ത ഇനങ്ങളെ കണ്ടിട്ടുണ്ടെന്ന് വീട്ടമ്മയായ ശാന്തമ്മ സാക്ഷ്യപ്പെടുത്തുന്നു.

കിലുക്കിച്ചെടി, പൂമ്പാറ്റച്ചെടി, പൂമ്പാറ്റക്കിലുക്കി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം കോർട്ടാരിയറെസ്റ്റ്യുസ എന്നാണ്. ഇംഗ്ലീഷിൽ ബട്ടർഫ്ലെ പ്ലാൻ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്കൻ വംശജനായ ഈ കുറ്റിച്ചെടി ഏകദേശം ഒരു മീറ്ററോളം ഉയരത്തിൽ വളരും. മഞ്ഞനിറത്തിലുള്ള മനോഹരമായ പൂക്കളും കിലുക്കുന്നതുപോലെയുള്ള വിത്തുകളടങ്ങിയ കായ്കളുമാണ് ഇതിന്റെ പ്രത്യേകത.

നീലക്കടുവ , വരയൻ കടുവ , അരളിശലഭം  തുടങ്ങിയ ഡാനൈനേ  വിഭാഗത്തിൽപ്പെട്ട പൂമ്പാറ്റകളാണ് കിലുക്കിച്ചെടിയിൽ പ്രധാനമായും എത്തുന്നത്.

കറുത്ത ചിറകുകളിൽ നീലയും വെള്ളയും നിറത്തിലുള്ള പുള്ളികളുള്ള നീലക്കടുവ പൂമ്പാറ്റകൾ കൂട്ടത്തോടെ ചെടിയിൽ വിശ്രമിക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. ഇവയ്ക്കു പുറമെ മറ്റു വർണശലഭങ്ങളും ഇടയ്ക്കിടെ എത്താറുണ്ട്.കിലുക്കിച്ചെടിയുടെ പ്രത്യേകത പൂമ്പാറ്റകൾക്ക് നൽകുന്ന ആകർഷണം മാത്രമല്ല. ഇതിന്റെ ഇലകളിലും തണ്ടുകളിലും വിത്തുകളിലും പൈറോളിസിഡിൻ ആൽക്കലോയിഡുകൾ എന്ന രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഡാനൈനേ വിഭാഗത്തിലെ ചില ആൺപൂമ്പാറ്റകൾക്ക് ഇണയെ ആകർഷിക്കുന്ന ഫിറോമോണുകൾ ഉൽപാദിപ്പിക്കുന്നതിനും ശത്രുക്കളിൽനിന്ന് സ്വയം സംരക്ഷിക്കുന്നതിനും ഇത്തരം സസ്യങ്ങളിൽനിന്ന് ലഭിക്കുന്ന രാസഘടകങ്ങൾ സഹായിക്കുന്നു. അതിനാൽ പൂക്കളില്ലാത്ത സമയത്തുപോലും ചില പൂമ്പാറ്റകൾ ചെടിയുടെ തണ്ടിലും മറ്റു ഭാഗങ്ങളിലും വന്നിരുന്ന് നീര് ശേഖരിക്കുന്നതായി കാണാം.

പച്ചിലവളമായും കൃഷിയിടങ്ങളിൽ പുതയിടുന്നതിനും കിലുക്കിച്ചെടി ഉപയോഗിക്കാറുണ്ട്. പരമ്പരാഗത നാട്ടുചികിത്സകളിലും ചില പ്രദേശങ്ങളിൽ ഇതിന് ഉപയോഗങ്ങളുണ്ട്. വിത്തുകളിൽനിന്ന് ലഭിക്കുന്ന എണ്ണ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നിർമാണത്തിനും ഉപയോഗിക്കാം. എന്നാൽ ചെടിയിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ കാരണം കന്നുകാലികൾക്ക് ഇത് അപകടകരമാണ്. അതിനാൽ ഭക്ഷ്യയോഗ്യമായ സസ്യമായി ഇതിനെ കാണരുതെന്നും ശ്രദ്ധിക്കണം.

മോളി സൺ–ശാന്തമ്മ ദമ്പതികളുടെ വീട്ടുമുറ്റത്തെ കിലുക്കിച്ചെടി ഇന്ന് വെറുമൊരു ചെടിയല്ല. പ്രകൃതിയുടെ മനോഹാരിതയും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യവും വിളിച്ചോതുന്ന ഒരു ചെറിയ പൂമ്പാറ്റത്തോട്ടമായി അത് മാറിയിരിക്കുന്നു.

പൂമ്പാറ്റകളുടെ ചിറകടി ശബ്ദമില്ലാത്ത സംഗീതമായി മാറുമ്പോൾ, വർണച്ചിറകുകളുടെ നൃത്തം കാണാൻ വഴിയാത്രക്കാരും ഒരു നിമിഷം അവിടെ നിൽക്കും. ഒരു സാധാരണ വീട്ടുമുറ്റത്തുപോലും പ്രകൃതിക്ക് ഒരുക്കാൻ കഴിയുന്ന അത്ഭുതങ്ങൾ എത്ര വലുതാണെന്ന് ഓർമിപ്പിക്കുകയാണ് പീരുമേട്ടിലെ ഈ കിലുക്കിച്ചെടി

Leave a Reply

Your email address will not be published. Required fields are marked *