നെടുമ്പാശ്ശേരി അപകട കേസ് പ്രതിയെ രക്ഷിക്കാൻ നീക്കമില്ല; എഫ്.ഐ.ആർ വിവാദങ്ങൾക്കിടെ വിശദീകരണവുമായി ഡി.ജി.പി

നെടുമ്പാശ്ശേരിയിൽ വൻ വിവാദമായ മിനി കൂപ്പർ വാഹനാപകട കേസിൽ പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് ഡി.ജി.പി റവാദ ചന്ദ്രശേഖർ. പ്രതി സുഹൈലിനെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളതെന്നും, പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ഏത് തരത്തിലുള്ള സംശയങ്ങളോ ആരോപണങ്ങളോ ഉയർന്നാലും കാര്യങ്ങൾ വീണ്ടും പുനഃപരിശോധിക്കാൻ തയ്യാറാണെന്നും, കുറ്റകരമായ നരഹത്യ വ്യക്തമാക്കുന്ന സെക്ഷൻ 304 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു. എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഗുരുതരമായ ദുരൂഹതകളുണ്ടെന്ന വിമർശനം ശക്തമാണ്. വാഹനം ഓടിച്ച പ്രതി സുഹൈലിന്റെ പേര് രേഖപ്പെടുത്തുന്നതിന് പകരം ‘അജ്ഞാതൻ’എന്നാണ് എഫ്.ഐ.ആറിലെ പ്രതിയുടെ കോളത്തിൽ ചേർത്തിരിക്കുന്നത്. കൂടാതെ അപകടത്തിന് തൊട്ടുമുമ്പ് പ്രതി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടും, എഫ്.ഐ.ആറിൽ ‘മദ്യം’ എന്ന വാക്ക് പോലും പരാമർശിച്ചിട്ടില്ല. അറസ്റ്റിലായ പ്രതിയെ അഡൾട്ട് ജയിലിലേക്ക് അയക്കുന്നതിന് പകരം ബോർസ്റ്റൽ ഹോമിലേക്ക് മാറ്റിയതും വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു.

എന്നാൽ, കേസിൽ പ്രതിക്ക് നിയമപ്രകാരം നൽകാവുന്നതിൽ വെച്ച് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇരയുടെ കുടുംബത്തിന് കേസിൽ സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്, എന്നാൽ പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും അത് നടപ്പിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചത് പൊലീസല്ല, മറിച്ച് കോടതിയാണെന്ന് വ്യക്തമാക്കിയ ചെന്നിത്തല, ശക്തമായ നടപടികളിലൂടെ അർഹമായ ശിക്ഷ പ്രതിക്ക് വാങ്ങി നൽകുമെന്നും ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *