കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മൂന്ന് വയസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. കുട്ടിയുടെ മരണത്തിന് കാരണം തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണെന്ന പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണ് നടപടി. കെട്ടിടത്തിൽനിന്ന് വീണുണ്ടായ പരിക്കല്ല കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തലയ്ക്ക് ശക്തമായ ആഘാതമേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. കുട്ടിയെ ഭിത്തിയിൽ ശക്തമായി ഇടിപ്പിച്ചതിലൂടെ പരിക്കുണ്ടായതാകാമെന്നും സൂചനയുണ്ട്. രണ്ടാനച്ഛൻ മൊഹേശ്വർ കുട്ടിയെ മർദിച്ചിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ കുട്ടിയെ പതിവായി ഉപദ്രവിച്ചിരുന്നതായി അയൽവാസികളും ആരോപിക്കുന്നു.
അസം സ്വദേശിയായ വിറ്റുപാൻ എന്ന മൂന്ന് വയസുകാരനെ അവശനിലയിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. കെട്ടിടത്തിൽനിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നായിരുന്നു രണ്ടാനച്ഛൻ പൊലീസിന് നൽകിയ വിശദീകരണം. എന്നാൽ കുട്ടിയുടെ മുഖത്തും ശരീരത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതും പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങളും സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചു.
രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയെയും സഹോദരിയെയും സുരക്ഷിതത്വം കണക്കിലെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
