സംസ്ഥാനം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക്: നാളെ മുതൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയേക്കും

സംസ്ഥാനം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക്. നാളെ മുതൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആണ് കെഎസ്ഇബിയുടെ തീരുമാനം. പരിഹാരമാർഗമായി റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങാൻ നീക്കം ഉണ്ട്. അതേസമയം, ദീപാവലിയോട് അനുബന്ധിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാൽ സ്ഥിതി വഷളാകും എന്നാണ് ആശങ്ക. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് സമ്മതിക്കുമ്പോഴും, പ്രതിസന്ധി വ്യക്തമാക്കി കെഎസ്ഇബി സർക്കാറിന് കഴിഞ്ഞ മാസം നൽകിയ കത്തിൽ ഇതുവരെയും തീരുമാനമായില്ല.

ഒരു മാസത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ്ങിനുള്ള സാധ്യത ഒരുങ്ങുന്നത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് നൽകിയ പെറ്റീഷൻ വില കൂടുതൽ എന്ന് പറഞ്ഞാണ് കമ്മീഷൻ നിരസിച്ചത്. കേരളം കാലതാമസം വരുത്തിയതിനാൽ യൂണിറ്റിന് 14.50 ന് വൈദ്യുതി നൽകാമെന്നേറ്റിരുന്ന ഹിമാചൽ പിന്മാറി.

പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാറെന്നാണ് മന്ത്രി സണ്ണി ജോസഫ് പറയുന്നത്. മാർക്കറ്റിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഇപ്പോഴും പഴയതുപോലെ ആയിട്ടില്ലെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി എസ് പ്രശാന്ത്. അടുത്തമാസം രാത്രികളിൽ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *