കൊച്ചി: സ്തനാർബുദ ബോധവൽക്കരണ മാസ ആചരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റി ‘റൈഡ് ഫോർ ലൈഫ്’ എന്ന പേരിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. സ്തനാർബുദം സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ബാധിക്കാമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി. ആസ്റ്റർ മെഡ്‌സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ ഫ്ലാഗ് ഓഫ് ചെയ്ത സൈക്ലത്തോൺ ആസ്റ്റർ മെഡ്‌സിറ്റി മുതൽ ചിറ്റൂർ വരെ സഞ്ചരിച്ചു.
റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്തനാർബുദ കേസുകളിൽ ഒരു ശതമാനം പുരുഷന്മാരിലാണെന്നും ബോധവൽക്കരണത്തിന്റെ കുറവുമൂലം പലപ്പോഴും വൈകിയാണ് രോഗം തിരിച്ചറിയുന്നതെന്നും ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ലീഡ് ഡോ. ജെം കളത്തിൽ പറഞ്ഞു. നെഞ്ചിന്റെ ഭാഗത്ത് വേദനയില്ലാത്ത തടിപ്പുകളോ മാറ്റങ്ങളോ കണ്ടാൽ ഉടൻ പരിശോധന നടത്തണമെന്നും രോഗം നേരത്തെ തിരിച്ചറിയുന്നതാണ് പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസ്റ്റർ ഓങ്കോളജിയുടെ ‘സഖി’ പദ്ധതിയും വൺ-സ്റ്റോപ്പ് ബ്രെസ്റ്റ് ക്ലിനിക്കും ചേർന്നാണ് രോഗനിർണയത്തിനുള്ള മടിയും ഭയവും മാറ്റാൻ ലക്ഷ്യമിട്ട് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ആസ്റ്റർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
