കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ വൈകിയ സംഭവത്തിൽ ആരോപണവിധേയയായ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. യാത്രാമദ്ധ്യേ അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയ്ക്കെത്തിയ ആളോടാണ് പണം തരാതെ ചീട്ട് നൽകാനാവില്ലെന്ന് ആശുപത്രി ജീവനക്കാരി പറഞ്ഞത്. ഇതോടെ ഹൃദ്രോഗിയുടെ ചികിത്സ മുക്കാൽ മണിക്കൂറോളം വൈകി. സംഭവത്തിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയണ് സസ്പെൻഡ് ചെയ്തത്.
ഇന്നലെ പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണ് ദുരനുഭവം നേരിട്ടത്. ഓൺലൈൻ പെയ്മെന്റ് സ്വീകരിക്കില്ലെന്നും, അത്യാവശ്യമാണെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകണമെന്നും ജീവനക്കാരി ആക്രോശിക്കുകയായിരുന്നു. 45 മിനിട്ടോളം ചികിത്സ നൽകാതെ രോഗിയെ ആശുപത്രിയിലിരുത്തി. ഒടുവിൽ പണമടച്ച് ഡോക്ടർ പരിശോധിക്കാൻ എത്തിയപ്പോഴേക്കും രോഗിയുടെ നില മോശമായി. ശേഷം, കളമശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയുടെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്.
പത്ത് രൂപയുടെ പേരിൽ ഹൃദ്രോഗിക്ക് ചികിത്സ വൈകിപ്പിച്ച സംഭവം: ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ.
