പീരുമേട്: വേനൽ കടുത്തതോടെ ഹൈറേഞ്ച് മേഖലയിൽ പെരുമ്പാമ്പുകളെ വ്യാപകമായി കാണുന്നത് ജനങ്ങളിൽ ആശങ്കയുയർത്തുന്നു. പീരുമേട്, വണ്ടിപ്പെരിയാർ, കുട്ടിക്കാനം തുടങ്ങിയ പ്രദേശങ്ങളിലാണ് പെരുമ്പാമ്പുകളെ കണ്ടതായി റിപ്പോർട്ടുകളുള്ളത്. വനമേഖലയോടു ചേർന്ന റോഡുകളിലും ജനവാസ മേഖലകൾക്ക് സമീപവും പാമ്പുകളെ കാണുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാകുകയാണ്.
കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ–മ്ലാമല–മൂങ്കലാർ റോഡിലും കുട്ടിക്കാനത്തിന് സമീപം ദേശീയപാതയിലുമാണ് പെരുമ്പാമ്പിനെ കണ്ടത്. ഇതോടെ ഇതുവഴിയുള്ള യാത്രക്കാർ പരിഭ്രാന്തരായി. പാമ്പിന്റെ സാന്നിധ്യം സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വിവിധ പ്രദേശങ്ങളിൽനിന്ന് പിടികൂടുന്ന പെരുമ്പാമ്പുകളെ ഉൾവനങ്ങളിൽ തുറന്നുവിടുന്നതിനുപകരം ജനവാസ മേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ തുറന്നുവിടുന്നതാണ് ഇവയെ വീണ്ടും ജനവാസ മേഖലകളിൽ കാണാൻ കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ വനംവകുപ്പ് വ്യക്തത വരുത്തണമെന്നും പാമ്പുകളെ സുരക്ഷിതമായ സ്ഥലങ്ങളിൽ തുറന്നുവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ഹൈറേഞ്ച് മേഖലയിൽ കാട്ടാന, പുലി, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ് തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം നേരത്തേ തന്നെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിന് പിന്നാലെ പെരുമ്പാമ്പുകളെയും ജനവാസ മേഖലകൾക്ക് സമീപം കാണുന്നത് പ്രദേശവാസികളുടെ ഭീതി വർധിപ്പിക്കുന്നു. വനമേഖലയോടു ചേർന്ന റോഡുകളിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരും രാത്രികാല യാത്രക്കാരുമാണ് പ്രധാനമായും ആശങ്കപ്പെടുന്നത്.
